ഷാർജ : ഡ്രൈവറില്ലാ വണ്ടി ‘സ്കൈ പോഡ്' അധികം വൈകാതെ ഷാർജയുടെ ആകാശത്തിലൂടെ പായും. സാമ്പ്രദായിക രീതികളിൽനിന്ന് വ്യത്യസ്തമായുള്ള ആകാശവാഹനത്തിന്റെ പരീക്ഷണയോട്ടം അവസാനിക്കാറായി. നൂതന സാങ്കേതിക രീതികൾ അനുനിമിഷവും വളർന്നുകൊണ്ടിരിക്കുന്ന യു.എ.ഇ.യിൽ പൊതുഗതാഗതത്തിന് പുതുവഴി തുറക്കുകയാണ് സ്കൈ പോഡ് പദ്ധതിയിലൂടെ. കേബിളിൽ കൊളുത്തിയിട്ട പോഡുകളിലൂടെയുള്ള ഗതാഗതം യാത്രചെയ്യാൻ മാത്രമല്ല ചരക്കുനീക്കത്തിനും ഗുണകരമാവും. ഷാർജ റിസർച്ച് ടെക്‌നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിലാണ് സ്കൈ പോഡുകളുടെ പരിശീലന പറക്കൽ നടക്കുന്നത്. ഭാവിയിൽ യാത്രചെയ്യാനും ചരക്കുനീക്കത്തിനും കൂടുതൽ സൗകര്യം ജനങ്ങൾക്ക് നൽകുകയാണ് സ്കൈവേ പദ്ധതിയിലൂടെ ഷാർജ സർക്കാർ ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധർ പദ്ധതി വിലയിരുത്തുന്നുണ്ട്. പരീക്ഷണ പറക്കലിൽ ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും ഭാഗമായിരുന്നു. സ്കൈപോഡ് പദ്ധതിയുടെ സുരക്ഷാപരിശോധനയും പുരോഗമിക്കുകയാണ്.

റഷ്യൻ കമ്പനിയായ സ്കൈവേ ടെക്‌നോളജിയാണ് ഷാർജയുടെ ആകാശത്ത് കുഞ്ഞൻ വിമാനം പറക്കുന്നതിനുപിന്നിൽ പ്രവർത്തിക്കുന്നത്. ഷാർജ സർക്കാരിന്റെ പിന്തുണയോടെയുള്ള സ്കൈപോഡ് പദ്ധതി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തും. നിലവിൽ 2.4 കിലോമീറ്റർ ലൈൻ സജ്ജീകരിച്ചാണ് പരീക്ഷണയോട്ടം നടത്തുന്നത്. ദൈർഘ്യമേറിയ പുതിയ ലൈനുകൾ ഭാവിയിൽ ഒരുക്കാനും പദ്ധതിയായി. അന്തരീക്ഷത്തിലെ കനത്ത ചൂടും പൊടിക്കാറ്റും അതിജീവിക്കാനും ഈ കേബിൾ കാറിന് സാധിക്കും. സ്കൈപോഡ് റെയിലിൽ മണൽക്കാറ്റിൽ പൊടിപടലം തങ്ങി തടസ്സമാകാതിരിക്കാൻ കേബിൾ കാറിനുമുകളിൽ പ്രൊപ്പല്ലർ സ്ഥാപിക്കും. പ്രത്യേക കേന്ദ്രത്തിൽനിന്ന്‌ സ്കൈപോഡ് പദ്ധതിയുടെ നിയന്ത്രണം ഏറ്റെടുക്കും.

ഷാർജ എയർപോർട്ട് മുതൽ മുവൈല വരെയായിരിക്കും ആദ്യ സർവീസ് നടത്തുക. വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങളും താമസയിടങ്ങളും ഈ ഭാഗത്ത് കൂടുതലുള്ളതിനാലാണ് ഇവിടം പ്രഥമ സർവീസ് നടത്താനൊരുങ്ങുന്നത്. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കുകയും റോഡിൽ ഗതാഗതം കുറയ്ക്കാനും സ്കൈപോഡ് പദ്ധതിയിലൂടെ സാധിക്കും. ഷാർജയിലെ പുതിയ ഗതാഗത വിപ്ലവം ക്രമേണ യു.എ.ഇ. മുഴുവൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യം.