ദുബായ് : ആത്മാർപ്പണത്തിന്റെ പ്രതീകമായി വിശ്വാസികൾ ചൊവ്വാഴ്ച ആറ് ഗൾഫ് രാജ്യങ്ങളും ബലിപെരുന്നാൾ ആഘോഷിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കർശന മുൻകരുതൽ നടപടികൾ സ്വീകരിച്ചുകൊണ്ടായിരുന്നു പള്ളികളിൽ ബലിപെരുന്നാൾ പ്രാർത്ഥന നടന്നത്. യു.എ.ഇ, കുവൈത്ത്, സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ പള്ളികളിലും ഈദ്ഗാഹുകളിലുമായി നമസ്‌കാരം നടന്നു. ഒമാനിൽ ലോക്ക് ഡൗൺ ആയ സാഹചര്യത്തിൽ വീടുകളിലായിരുന്നു പ്രാർഥന നടന്നത്. ബഹ്‌റൈൻ ഗ്രാൻഡ് മസ്ജിദിൽ 30 പേർക്ക് നമസ്‌കാരത്തിന് അനുമതി ലഭിച്ചു.

യു.എ.ഇയിലും കർശന കോവിഡ് മാനദണ്ഡങ്ങളോടെയായിരുന്നു പള്ളികളിൽ പ്രാർഥന നടന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും ഇത്തവണ പള്ളികളിലും ഈദ് ഗാഹുകളിലും പ്രവേശനമുണ്ടായില്ല. ചൊവ്വാഴ്ച പുലർച്ചെ 5.53 മുതൽ പ്രാർത്ഥന തുടങ്ങി.

അറബ്, ഇസ്ലാമിക നേതാക്കളിൽനിന്ന് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും രാജ്യത്തെ മറ്റ് ഭരണാധികാരികൾക്കും പെരുന്നാൾ ആശംസാ സന്ദേശങ്ങൾ ലഭിച്ചു.

അബുദാബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌ക്കിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപ സർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രാർഥന നടത്തി. അൽ ദഫ്രാ മേഖലയിലെ പ്രതിനിധി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ, സൊറൂർ ബിൻ മുഹമ്മദ് അൽ നഹ്യാൻ, ശൈഖ് ഇസ്സ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് നഹ്യാൻ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും മറ്റ് മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം പ്രാർഥനയിൽ പങ്കെടുത്തു.

ദുബായ് ശൈഖ് റാഷിദ് പള്ളിയിൽ നടന്ന പ്രാർഥനാ ചടങ്ങിൽ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് ഉപ ഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദ്, മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നോളജ് ഫൗണ്ടേഷൻ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് എന്നിവരും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു. റാസൽഖൈമ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി ഗ്രാൻഡ് ഈദ് മുസല്ലയിൽ പ്രാർഥന നടത്തി. റാക്ക് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമിയും മറ്റ് ഉന്നത ഉദ്യോഗസ്ഥും പങ്കെടുത്തു.

ശൈഖ് അഹമദ് ബിൻ റാഷിദ് അൽ മുവല്ല മോസ്‌കിലെ പ്രാർഥനയിൽ ഉമ്മുൽഖുവൈൻ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് സൗദ് ബിൻ റാഷിദ് അൽ മുവല്ലയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

അതിജാഗ്രതയോടെ ആഘോഷങ്ങൾ

ഷാർജ : ഈദ്ഗാഹുകൾ ഷാർജയിൽ ഉണ്ടായില്ലെങ്കിലും ചെറുതും വലുതുമായ മിക്ക പള്ളികളിലും പെരുന്നാൾ നമസ്‌കാരം നടന്നത് പ്രത്യേകതയാണ്. പുതുവസ്ത്രങ്ങളണിഞ്ഞും സുഗന്ധലേപനം പൂശിയും പെരുന്നാൾ ദിനത്തിൽ വിശ്വാസികൾ പരസ്പരം ആശംസകൾ പറഞ്ഞു. കോവിഡ് കാലമായതിനാൽ ഹസ്തദാനം, ആലിംഗനം എന്നിവ ഉണ്ടായില്ല. പള്ളികളിൽ നിന്നും പ്രാർത്ഥനകളിൽ പങ്കെടുക്കാനെത്തിയവർ സെൽഫി എടുത്തും പെരുന്നാൾ ദിനം സന്തോഷപൂരിതമാക്കി. പള്ളികൾക്ക് സമീപം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നത് പരിശോധിക്കാനായി പോലീസ് പട്രോളും ഏർപ്പെടുത്തിയിരുന്നു. വിശ്വാസികൾ സുഹൃത്ത്, ബന്ധുവീടുകൾ സന്ദർശിച്ചതും കുറവായിരുന്നു. ഫോണിലൂടെയാണ് ഏറെപേരും ആശംസകൾ കൈമാറിയത്.

അവധിദിനങ്ങൾ രാജ്യത്തിനുള്ളിൽ തന്നെ ചെറിയ യാത്രകൾ നടത്തിയും മലയാളികളടക്കം ആസ്വാദ്യകരമാക്കി. ഷാർജയുടെ കിഴക്കൻ പ്രദേശങ്ങളിലും റാസൽഖൈമ, ഫുജൈറ തുടങ്ങിയ എമിറേറ്റുകളിലെ ഉയർന്ന പ്രദേശങ്ങളിലേക്കുമാണ് പ്രവാസികൾ യാത്ര നടത്തിയത്.

മൃഗശാലകൾ, കടൽത്തീരങ്ങൾ എന്നിവിടങ്ങളിലും കുടുംബമായി യാത്രചെയ്തവരാണ് ഏറെയും. സാഹസിക യാത്രകൾ വേറിട്ട അനുഭവമാക്കിയ ഷാർജയിലെ മലയാളി യുവാക്കളും റാസൽഖൈമയിലെ വാദി നഖബ്, ജെബൽജെയിസ്, എന്നിവിടങ്ങളിലേക്ക് യാത്ര നടത്തി.

സമീപത്തെ പ്രകൃതിദൃശ്യങ്ങൾ വാഹനത്തിലിരുന്ന് ചുറ്റിക്കറങ്ങി ആസ്വദിച്ചവരും കുറവല്ല. കൂറ്റൻ പാറക്കെട്ടുകളും മലയിടുക്കുകളും വെള്ളച്ചാട്ടങ്ങളും ക്യാമറയിലൊതുക്കിയും പാട്ടുപാടിയും വഴിയരികിൽ ആഹാരം പാകംചെയ്ത് കഴിച്ചും യാത്ര സുഖമുള്ള അനുഭവമാക്കി.

ഉമ്മുൽഖുവൈനിലടക്കമുള്ള കടലുകളിൽ മീൻ പിടിക്കാനും നിരവധിയാളുകൾ പുലർച്ചെതന്നെ എത്തിയിരുന്നു. തുടർന്നുള്ള അവധി ദിനങ്ങളിലും പുതിയ ഇടങ്ങൾ തേടിയുള്ള യാത്രകളിലായിരിക്കും പ്രവാസികൾ.