ദുബായ് : കോവിഡിനെ അതിജീവിച്ച് വ്യാപാരം സാധാരണനിലയിലേക്ക് മടങ്ങിത്തുടങ്ങി. ദുബായിലെ പ്രധാന വാണിജ്യ കച്ചവടകേന്ദ്രമായ മീനാ ബസാറിൽ പെരുന്നാൾ ദിനങ്ങളോടനുബന്ധിച്ച് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പെരുന്നാൾ ഷോപ്പിങ്ങിനായി ധാരാളം പേർ മീനാ ബസാറിലെത്തി. വിലക്കുറവിൽ മികച്ച സാധനങ്ങൾ സ്വന്തമാക്കാനായി സാധാരണപോലെ ജനങ്ങൾ എത്തിത്തുടങ്ങിയെന്ന് ഷോപ്പ് ഉടമകൾ സാക്ഷ്യപ്പെടുത്തി.

പെരുന്നാൾ, ദീപാവലി പോലുള്ള ആഘോഷവേളകളിൽ എല്ലാ വർഷവും സജീവമാകാറുള്ള കച്ചവടകേന്ദ്രങ്ങളെ കോവിഡ് കാര്യമായി ബാധിച്ചിരുന്നു. 2020-ൽ നൂറുകണക്കിന് ഷോപ്പുകളാണ് സ്ഥിരമായും താത്കാലികമായും അടച്ചത്. എന്നാൽ കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വിപണി തിരിച്ചുവരുന്ന കാഴ്ചകളാണെന്ന് വ്യാപാരികൾ പറയുന്നു. വിമാനവിലക്ക് കൂടി പിൻവലിക്കുന്നതോടെ കച്ചവടം കൂടുതൽ മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവർ.