ദുബായ് : അറബ് ലോകത്തെ ആദ്യ ചൊവ്വാദൗത്യത്തിന് ഒരു വയസ്സ്. യു.എ.ഇ.യുടെ ചരിത്ര വിസ്മയ ചൊവ്വാ ദൗത്യം ഹോപ് പ്രോബ് വിക്ഷേപിച്ച് ഒരു വർഷം തികയുന്നു. അറബ് നാടിന്റെ മൊത്തം അഭിമാനമായ ഹോപ് പ്രോബ് അഥവാ അൽ അമൽ 2020 ജൂലായ് 21-ന് പ്രാദേശിക സമയം പുലർച്ചെ 1.58-നായിരുന്നു വിക്ഷേപിച്ചത്. ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററിൽനിന്നായിരുന്നു ചരിത്ര ദൗത്യം.

ഏഴുമാസത്തെ യാത്രയ്ക്കുശേഷം ഹോപ് പ്രോബ് 2021 ഫെബ്രുവരി ഒമ്പതിന് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. രാജ്യം 50-ാം വാർഷികം ആഘോഷിക്കുന്ന വർഷത്തിൽ സ്വപ്നതുല്യമായ നേട്ടമാണ് യു.എ.ഇ. കൈവരിച്ചത്. ഇതോടെ ലക്ഷ്യം പൂർത്തീകരിച്ച രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇ. അഞ്ചാം സ്ഥാനം നേടി. കൂടാതെ ആദ്യശ്രമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിക്കുന്ന മൂന്നാമത് രാജ്യവുമായി യു.എ.ഇ. 2117-ൽ ചൊവ്വയിൽ മനുഷ്യന് താമസസ്ഥലം ഒരുക്കുകയാണ് ഹോപ് പ്രോബിന്റെ പ്രധാന ലക്ഷ്യം. അറബ് ജനതയുടെ പ്രതീക്ഷകൾക്ക് ചിറകുവെപ്പിച്ചായിരുന്നു ഹോപ് പ്രോബ് കുതിച്ചുയർന്നത്. ലോകം ഉറ്റുനോക്കി നിൽക്കെ യു.എ.ഇ. ഭ്രമണപഥത്തിലെ ആദ്യ അറേബ്യൻ വിസ്മയമാവുകയായിരുന്നു.