ദോഹ : ഖത്തർ എയർവേസിന്റെ ദുബായ്, അബുദാബി സർവീസുകൾക്ക് അടുത്തയാഴ്ച തുടക്കമാകും. 27-ന് ഖത്തർ എയർവേസ് യു.എ.ഇ.യിലേക്ക് പറന്നുതുടങ്ങും.
ഇതിനുള്ള ബുക്കിങ് എയർലൈൻ വെബ്‌സൈറ്റിൽ തുടങ്ങി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് 27-ന് ദോഹ സമയം വൈകീട്ട് ഏഴിന് പുറപ്പെടുന്ന ഖത്തർ എയർവേസിന്റെ ക്യൂആർ 1018 എയർബസ് എ320 ദുബായ് വിമാനത്താവളത്തിൽ യു.എ.ഇ. സമയം രാത്രി 9.10-ന് എത്തിച്ചേരും.
ഒരു മണിക്കൂർ 10 മിനിറ്റാണ് യാത്രാസമയം. 28-ന് ദോഹയിൽ നിന്ന് രാത്രി 7.50-ന് പുറപ്പെടുന്ന ക്യുആർ1054 എയർബസ് എ320 അബുദാബിയിൽ യു.എ.ഇ സമയം 9.55-ന് എത്തും. മൂന്നരവർഷത്തിനുശേഷം ആദ്യമായാണ് ഖത്തർ എയർവേസ് വിമാനം യു.എ.ഇ.യിലേക്ക് പറക്കുന്നത്.
അതേസമയം, ഈമാസം 18 മുതൽ ഷാർജയിൽനിന്ന് എയർ അറേബ്യയുടെ ദോഹ സർവീസുകൾ പുനരാരംഭിച്ചിരുന്നു.