ദുബായ് : ഏഴ് എമിറേറ്റുകളെ ബന്ധിപ്പിച്ച് നടക്കുന്ന യു.എ.ഇ. ടൂർ എന്നറിയപ്പെടുന്ന ആഗോള മെഗാ സൈക്ലിങ് ടൂറിന്റെ മൂന്നാം പതിപ്പിന് ട്രാക്കുണർന്നു. ഫെബ്രുവരി 21 മുതൽ 27 വരെ ദുബായ്, അബുദാബി, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ ഉൾപ്പെടെയുള്ള എമിറേറ്റുകളിലൂടെ 1045 കിലോമീറ്ററാണ് യു.എ.ഇ. ടൂർ നടക്കുക. അബുദാബി, ദുബായ് സ്പോർട്‌സ് കൗൺസിലുകൾ സംയുക്തമായാണ് പരിപാടി. ഗൾഫിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് ടൂറിൽ ലോകമെമ്പാടുമുള്ള മികച്ചതാരങ്ങൾ പങ്കെടുക്കും. മൂന്നാം പതിപ്പിന്റെ ഔദ്യോഗിക റൂട്ട്, ജേഴ്‌സി, സ്പോൺസർമാർ എന്നിവ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
റുവൈസിൽനിന്ന് അബുദാബിയിലേക്കുള്ള 177 കിലോമീറ്ററാണ് ടൂറിലെ ആദ്യഘട്ടം. രണ്ടാംഘട്ടത്തിൽ അബുദാബി ഹുദൈറിയത് ഐലൻഡിലെ 13 കിലോമീറ്റർ ദൂരമാണ്. മൂന്നാംഘട്ടം അബുദാബിയിൽനിന്നും അൽ ഐനിലേക്കുള്ള 162 കിലോമീറ്ററാണ്. ജെബെൽ ഹഫീതിലേക്കുള്ള ദുർഘടമായ പത്ത് കിലോമീറ്ററും ഇതിലുൾപ്പെടും. നാലാംഘട്ടം റാസൽഖൈമയിലെ അൽ മർജാൻ ദ്വീപിലെ 204 കിലോമീറ്റർ ദൂരം ഉൾപ്പെടുന്നതാണ്. ഉമ്മുൽ ഖുവൈനിലൂടെയും ഈ ഘട്ടത്തിൽ സംഘം യാത്രചെയ്യും. അഞ്ചാംഘട്ടം ഫുജൈറ നഗരത്തിൽനിന്ന് ആരംഭിച്ച് ജെബെൽ ജെയ്‌സിലൂടെയുള്ള 170 കിലോമീറ്റർ ദൂരമാണ്. ദുബായ് ദേര ഐലൻഡിലെ 168 കിലോമീറ്റർ ഉൾപ്പെടുന്നതാണ് ആറാം ഘട്ടം. അൽ ഖുദ്‌റയിലൂടെ പാം ജുമൈറയിൽ ഇത് സമാപിക്കും. ഏഴാം ഘട്ടം യാസ് മാളിൽനിന്ന് ആരംഭിച്ച് അബുദാബി ബ്രേക് വാട്ടറിൽ അവസാനിക്കുന്ന 147 കിലോമീറ്ററാണ്. മൂന്നാമത് യു.എ.ഇ. ടൂർവിജയിക്ക് ഇവിടെ നടക്കുന്ന ചടങ്ങിൽ കിരീടം സമ്മാനിക്കും.
ചുവപ്പ്, വെള്ള, പച്ച, കറുപ്പ് നിറങ്ങളിലുള്ള ജേഴ്‌സിയണിഞ്ഞാണ് ലോകതാരങ്ങൾ സൈക്കിളുമായി ഇറങ്ങുക. ടൂർ നടക്കുന്ന ഭാഗങ്ങളിൽ ആളുകൾക്ക് നേരിട്ട് കാണാനുള്ള അവസരവുമുണ്ടാവും. യു.എ.ഇ.യുടെ സൗന്ദര്യം മുഴുവൻ പ്രകടമാക്കിക്കൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ലോകമത്സരമാണിതെന്ന് ദുബായ് സ്പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറൽ സായിദ് ഹാരിബ് പറഞ്ഞു. എല്ലാ സുരക്ഷാ വ്യവസ്ഥകളും പാലിച്ചുകൊണ്ടാണ് മത്സരങ്ങൾ നടക്കുക.
കരുത്തന്മാർ ഏറ്റുമുട്ടും
:ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള കരുത്തന്മാരാണ് ഇത്തവണ ഏറ്റുമുട്ടുക.
കഴിഞ്ഞവർഷത്തെ യു.എ.ഇ. ടൂർ ചാമ്പ്യനായ സ്ലോവേനിയൻ താരം തദേജ് പൊഗാസെർ, ബ്രിട്ടീഷ് താരങ്ങളായ ആദം യേറ്റ്‌സ്, ക്രിസ് ഫ്രൂമി, ഇറ്റാലിയൻ താരമായ വിൻസിൻസോ നിബാലി, കൊളംബിയൻ താരം റിഗോബെർട്ടോ ഉറാൻ, സ്പാനിഷ് താരം അലെജാൻഡ്രോ വാൽവെർദ് തുടങ്ങിയവർ യു. എ.ഇ. നിരത്തുകളിൽ തീ പായിക്കും. നിരവധി അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിൽ കിരീടനേട്ടം കൈവരിച്ചവരും മിന്നുംപ്രകടനം കാഴ്ചവെച്ചവരുമാണ് ഇവരെല്ലാം. ഇവർക്ക് പുറമെ വിവിധ ലോക രാജ്യങ്ങളിൽനിന്നുള്ള ഒട്ടേറെ കരുത്തന്മാരായ സൈക്ലിസ്റ്റുകളും ടൂറിന്റെ ഭാഗമാകും. ഒരാഴ്ചകൊണ്ട് ആയിരത്തിലേറെ കിലോമീറ്ററാണ് സംഘം സഞ്ചരിക്കുക.
ഇതിൽ നിരപ്പായ റോഡുകൾ, ചെങ്കുത്തായ കയറ്റങ്ങൾ, മരുഭൂമിക്ക് കുറുകെയുള്ള റോഡുകൾ, നഗരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടും.