അബുദാബി : സ്കൂളുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന പരിശോധന. അബുദാബിയിലുടനീളം സ്കൂളുകൾ വീണ്ടും തുറന്നതോടെയാണ് പതിവ് പരിശോധന വ്യാപകമാക്കിയത്. നിയമലംഘനങ്ങൾക്ക് 10,000 മുതൽ 2,50,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാനവകുപ്പ് (അഡെക്ക്) അറിയിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾക്ക് ഓൺലൈൻ രീതികളിലേക്ക് മാറേണ്ടിവരും. കൂടാതെ അത്തരം സ്കൂളുകളിലെ കുട്ടികളുടെ പഠനം അവസാനിപ്പിക്കാനും രക്ഷിതാക്കൾക്ക് അധികാരമുണ്ട്.
എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ചട്ടങ്ങൾ കൃത്യമായിതന്നെ നടപ്പാക്കണമെന്ന് അഡെക്ക് അണ്ടർ സെക്രട്ടറി അമേർ അൽ ഹമ്മദി പറഞ്ഞു. ഫെബ്രുവരി 21 വരെ 221 സ്കൂളുകളിലും 119 നഴ്‌സറികളിലുമാണ് അഡെക്ക് പരിശോധന നടത്തിയത്. അതേസമയം സ്കൂൾ പരിസരങ്ങളിലെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് നിരോധനമുണ്ട്.