ഷാർജ : കേരളത്തിലെ കോളേജ് അലുംനികളുടെ കൂട്ടായ്മയായ അക്കാഫ് അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി നടത്തുന്ന ആരോഗ്യ സംരക്ഷണ ബോധവത്കരണത്തിനും പ്രചാരണത്തിനും തുടക്കമായി. ആസ്റ്റർ മെഡിക്കൽ സെന്ററുമായി സഹകരിച്ചുള്ള ഒരു വർഷത്തെ പരിപാടി ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. അക്കാഫ് ആസ്റ്റർ വെൽനെസ് കാമ്പയിൻ എന്ന പേരിലാണ് പരിപാടി. അക്കാഫ് പ്രവർത്തകൻ അഹമ്മദ് അഷറഫിന് സ്മരണാഞ്ജലി അർപ്പിച്ചായിരുന്നു തുടക്കം. അക്കാഫ് അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിരക്ഷക്കായി നടപ്പാക്കുന്ന പരിപാടികൾ യോഗത്തിൽ വിശദീകരിച്ചു.
ആസ്റ്റർ ഡി.എം. ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ മുഖ്യാതിഥിയായി. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, പ്രസിഡന്റ് ചാൾസ് പോൾ, രാജു മാത്യു, എം.സി.എ. നാസർ, ജലീൽ പട്ടാമ്പി, അഡ്വ.ടി.കെ.ഹാഷിക്, അനൂപ് അനിൽ ദേവൻ, ഷാബു സുൽത്താൻ തുടങ്ങിയവർ സംസാരിച്ചു. വി. എസ്. ബിജു കുമാർ സ്വാഗതവും മനോജ് കെ.വി. നന്ദിയും പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരിയെ വെൽനെസ് പ്രോഗ്രാം അംബാസിഡറായി തിരഞ്ഞെടുത്തു. കൂടാതെ മിഥുൻ രമേശ് അക്കാഫ് ജനറൽ സെക്രട്ടറിയുമായി ഫിറ്റ്‌നസ് ചലഞ്ചിനും തുടക്കം കുറിച്ചു.