ദുബായ് : കോവിഡ് മഹാമാരിയേൽപ്പിച്ച ആഘാതം ഗൾഫ് ജനസംഖ്യയിൽ നാല് ശതമാനം കുറവ് വരുത്തിയതായി അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ്. ആൻഡ് പി. ഗ്ലോബൽ. കോവിഡ് മൂലമുണ്ടായ പ്രതിസന്ധിയും എണ്ണവിലയിലുണ്ടായ കുറവും കാരണം 2020-ൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് വലിയ തോതിലാണ് പ്രവാസികൾ സ്വദേശത്തേക്ക് മടങ്ങിയത്. കൂടാതെ ചില ഗൾഫ് രാജ്യങ്ങൾ തൊഴിൽമേഖലയിൽ സ്വകാര്യവത്കരണ നയങ്ങൾ നടപ്പാക്കിയത് കാര്യമായി ബാധിച്ചുവെന്നും എസ്. ആൻഡ് പി. റിപ്പോർട്ട് പറയുന്നു. ഓരോ രാജ്യത്തെയും താരതമ്യപ്പെടുത്തുമ്പോൾ 2023 വരെ ഗൾഫിലെ ജനസംഖ്യാ ഇടിവ് തുടരുമെന്നാണ് വിവരം. ഇത് ഗൾഫ് അറബ് സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കും. എന്നാൽ ഇതൊരു താത്‌കാലിക പ്രതിഭാസം മാത്രമാണെന്നും 2022-ഓടെ ഗൾഫ് മേഖല പുരോഗതി കൈവരിക്കുമെന്നും റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. ഒമാനിലാണ് ജനസംഖ്യ ഏറ്റവുംകുറഞ്ഞത്. സൗദിയിൽ വിദേശികളുടെ എണ്ണം 2020- ൽ 2.8 ശതമാനം കുറഞ്ഞു. ഒമാനിൽ 12 ശതമാനവും കുവൈത്തിൽ നാല് ശതമാനവും ബഹ്‌റൈനിൽ 2.5 ശതമാനവും ഇടിവ് രേഖപ്പെടുത്തിയിരുന്നു.
കുവൈത്ത്, ഒമാൻ ഉൾപ്പെടെ വിദേശതൊഴിലാളികളെ കുറയ്ക്കാനും സ്വന്തം പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും നിശ്ചയിച്ചിട്ടുണ്ട്. വിജ്ഞാന സമ്പദ്‌വ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന നീക്കമായി ജനസംഖ്യ വർധനയ്ക്കും വിദഗ്ധരായ പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനുമാണ് യു.എ.ഇ.യുടെ ശ്രമം. 2020-ൽ യു.എ.ഇ.യിലെ മൊത്തം ജനസംഖ്യയിൽ 6.5 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ഇതിൽ ദുബായിൽ മാത്രമായി 8.4 ശതമാനവും കുറഞ്ഞു. 2023- ഓടെ ജനസംഖ്യ സാധാരണ നിലയിലെത്തും. കഴിഞ്ഞ ഏഴ് മാസത്തിനിടെ 11.5 ലക്ഷത്തിലേറെ ഇന്ത്യക്കാർ യു.എ.ഇ.യിലേക്ക് തന്നെ മടങ്ങിയെത്തിയിരുന്നതായി കേന്ദ്ര വിദേശകാര്യമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. 13 ലക്ഷം ഇന്ത്യക്കാരായിരുന്നു സ്വദേശത്തേക്ക് മടങ്ങിയത്. പല കാരണങ്ങളാൽ ഏകദേശം 1,50,000 ഇന്ത്യക്കാർ ഇതുവരെ യു.എ.ഇ.യിലേക്ക് മടങ്ങിയെത്തിയിട്ടില്ല. വിമാനയാത്രാ കണക്കുകൾ അടിസ്ഥാനമാക്കിയാണ് അദ്ദേഹം കണക്കുകൾ പുറത്തുവിട്ടത്.
പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവ് 2020-ൽ തൊഴിൽവിപണിയിൽ വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. ജനസംഖ്യയിൽ വർധനയും തൊഴിൽ വിപണിയിൽ പുരോഗതിയും ഉണ്ടായില്ലെങ്കിൽ ഈ മാറ്റം രണ്ടുവർഷംവരെ നീണ്ടുനിന്നേക്കാം. ഒരുപക്ഷേ ഗൾഫ് രാജ്യങ്ങളുടെ മൊത്തത്തിലുള്ള വരുമാനത്തെവരെ ബാധിച്ചേക്കാമെന്നും എസ്. ആൻഡ് പി. ഗ്ലോബൽ വ്യക്തമാക്കുന്നു. ജി.സി.സി. രാജ്യങ്ങളെല്ലാം പ്രവാസി തൊഴിലാളികളെയാണ് കൂടുതൽ ആശ്രയിച്ചുവരുന്നത്. നിലവിൽ ചില ഗൾഫ് രാജ്യങ്ങളിൽ കടുത്ത കോവിഡ് നിയന്ത്രണങ്ങളാണ് ഉള്ളത്. യു.എ.ഇ.യിൽ കോവിഡ് മൂലമുള്ള മരണവും പുതിയ രോഗികളും കൂടിവരികയാണ്.