ദുബായ് : ലോകത്തെ ഏറ്റവുംവലിയ ഭക്ഷ്യമേളയെന്ന വിശേഷണമുള്ള ഗൾഫുഡിന് ഞായറാഴ്ച തുടക്കം. ഫെബ്രുവരി 21 മുതൽ 25 വരെ വേൾഡ് ട്രേഡ് സെന്ററിലാണ് 26-ാമത് ഗൾഫുഡ് പതിപ്പ്. വലിയ കോവിഡ് സുരക്ഷാ മുന്നൊരുക്കങ്ങളോടെയാണ് 85 രാജ്യങ്ങൾ പങ്കെടുക്കുന്ന മേള. ഇത്തവണയും വൈവിധ്യങ്ങളോടെ ദുബായ് മുനിസിപ്പാലിറ്റിയും പവലിയൻ ഒരുക്കിയിട്ടുണ്ട്.
ദുബായ് ആതിഥ്യം വഹിക്കുന്ന എക്‌സ്‌പോ 2020 എന്ന ലോക പ്രദർശനമേളയ്ക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ വിശദീകരിക്കുന്നതാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ പ്രത്യേക പവലിയൻ. കൂടാതെ മുനിസിപ്പാലിറ്റി സേവനങ്ങളെ പരിചയപ്പെടുത്തുന്ന പ്രദർശനവും ഉണ്ടാകുമെന്ന് ആരോഗ്യസുരക്ഷാ പരിസ്ഥിതി മേഖലാ സി.ഇ.ഒ. ഖാലിദ് ഷെരീഫ് അൽ അവദി പറഞ്ഞു.