മസ്‌കറ്റ് : കോവിഡ് പ്രതിദിനസംഖ്യ കുറഞ്ഞതോടെ ഒമാൻ പഴയ നിലയിലേക്ക് പോകുന്നു. നിർത്തിവെച്ചിരുന്ന ജുമുഅ നമസ്കാരം പള്ളികളിൽ സെപ്റ്റംബർ 24 മുതൽ പുനരാരംഭിക്കാൻ ഒമാൻ ഔഖാഫ്-മതകാര്യ മന്ത്രാലയം തീരുമാനിച്ചു. നമസ്കാരത്തിൽ പങ്കെടുക്കാൻ www.mara.gov.om എന്ന ലിങ്കിലൂടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം. കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് നമസ്കാരത്തിൽ പങ്കെടുക്കാൻ പ്രവേശനം ലഭിക്കുക. പള്ളികളിൽ 50 ശതമാനം ശേഷിയിൽ നമസ്കാരത്തിനായി പ്രവേശനം അനുവദിക്കും. എല്ലാ കോവിഡ് പ്രതിരോധമാർഗനിർദേശങ്ങളും പാലിച്ചുവേണം നമസ്കാരത്തിൽ പങ്കെടുക്കാനെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. വിവിധ സംഗമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു.

എക്സിബിഷൻ, കോൺഫറൻസ്, സാമൂഹിക സാംസ്കാരിക പരിപാടികൾ, കായികവിനോദം എന്നിവയ്ക്കുള്ള വിലക്ക് നീക്കി. ഇത്തരം വേദികളിൽ 50 ശതമാനത്തിൽ കൂടുതൽ ആളുകൾ പാടില്ല. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവർക്ക് പ്രവേശനം അനുവദിക്കുമെന്നും സുപ്രീംകമ്മിറ്റി അറിയിച്ചു. അതേസമയം പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി ഏഴു ലക്ഷത്തിലേറെ വിദ്യാർഥികൾ ഞായറാഴ്ചമുതൽ വിദ്യാലയങ്ങളിൽ നേരിട്ടെത്തി. സുപ്രീംകമ്മിറ്റി നിർദേശിച്ചിട്ടുള്ള എല്ലാ നടപടികളും വിദ്യാലയങ്ങളിൽ പൂർത്തിയായതായും വിദ്യാർഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ഒമാൻ വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. മദിഹ അൽ ഷൈബാനി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിദ്യാലയങ്ങളുടെ പ്രവർത്തനങ്ങൾ മികച്ചതാക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു കർമപദ്ധതിയ്ക്കും വകുപ്പ് രൂപംനൽകിയിട്ടുണ്ട്. ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്ക് നേരിട്ടുള്ള അധ്യയനം ഒക്ടോബർ ആദ്യവാരം മുതലാണ് ആരംഭിക്കുക.

യു.എ.ഇ.യിൽ പ്രതിദിന കോവിഡ് കേസുകൾ 400-ൽ താഴെ

ദുബായ് : യു.എ.ഇ. നിവാസികൾക്ക് ആശ്വാസമായി പ്രതിദിന കോവിഡ് കേസുകൾ 400-ൽ താഴെയെത്തി. ഞായറാഴ്ച 391 പേരിൽ മാത്രമാണ് പുതുതായി രോഗംസ്ഥിരീകരിച്ചത്. 505 പേർ രോഗമുക്തി നേടിയതായും ആരോഗ്യപ്രതിരോധമന്ത്രാലയം അറിയിച്ചു. രണ്ടുപേർകൂടി രോഗംബാധിച്ച് മരിച്ചു. 732,690 പേർക്കാണ് യു.എ.ഇ.യിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 7,24,446 പേർ രോഗമുക്തി നേടി. 2075 പേർ കോവിഡിനെത്തുടർന്ന് മരണമടഞ്ഞു. 6169 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. പുതുതായി 3,68,242 കോവിഡ് പരിശോധനകളാണ് നടത്തിയത്. എട്ടുകോടി പരിശോധനകളാണ് ഇതുവരെ നടത്തിയത്.

0.2 ശതമാനമാണ് യു.എ.ഇ.യിലെ കോവിഡ് മരണനിരക്ക്. ആഗോളശരാശരിയെക്കാൾ രണ്ട് ശതമാനം കുറവാണിത്. രാജ്യത്ത് 80 ശതമാനത്തിലേറെപേരും കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞുവെന്ന് ആരോഗ്യമന്ത്രാലയം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഒമാനിൽ മൂന്നുദിവസത്തിനിടെ 114 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒരാൾകൂടി മരിച്ചു. 226 പേർകൂടി രോഗമുക്തിനേടി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,03,423 ആയി. ആകെ രോഗികളിൽ 2,93,844 പേരും രോഗമുക്തരായി. 96.8 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തിനിരക്ക്. ആകെ മരണം 4093 ആണ്. 24 മണിക്കൂറിനിടെ ആകെ ആറുപേരെ മാത്രമാണ് ആശുപത്രികളിൽ പ്രവേശിപ്പിക്കേണ്ടിവന്നത്. 61 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

സൗദി അറേബ്യയിൽ പുതുതായി 70 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 81 പേർ രോഗമുക്തരായി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർകൂടി മരിച്ചതായും സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതുതായി 44,013 പരിശോധനകൾ നടന്നു. ആകെ കോവിഡ് കേസുകൾ 5,46,549 ആണ്. ഇതിൽ 5,35,531 പേർ രോഗമുക്തരായി. 8,661 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. 2,357 പേർ രോഗബാധിതരായി ചികിത്സയിലുണ്ട്. ഇതിൽ 343 പേർ ഗുരുതരാവസ്ഥയിലാണ്. രാജ്യത്തെ വിവിധ മേഖലകളിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം: റിയാദ് 21, മക്ക 19, കിഴക്കൻ പ്രവിശ്യ 7, മദീന 6, അൽഖസീം 5, അസീർ 3, നജ്‌റാൻ 3, ജീസാൻ 2, തബൂക്ക് 1, അൽജൗഫ് 1, ഹായിൽ 1, അൽബാഹ 1.