അബുദാബി : യു.എ.ഇ.യിലും കേരളത്തിലുമായി ചിത്രീകരിച്ച കളിവിളക്ക് എന്ന സംഗീത ആൽബത്തിന്റെ പ്രകാശനം അബുദാബിയിൽ നടന്നു. നർത്തകിയും നൃത്ത അധ്യാപികയുമായ പ്രിയാ മനോജാണ് ആൽബത്തിന്റെ വരികൾ രചിച്ചത്. കോവിഡനന്തരം വേദികൾ സജീവമാകുന്നതിനായി കാത്തിരിക്കുന്ന കലാപ്രവർത്തകരുടെ പ്രാർഥനയാണ് ഈ സംഗീത ആൽബം.

ഉഡുപ്പി എസ്. ശ്രീനാഥ് ആണ് സംഗീതം നൽകി ആലപിച്ചിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തിയത് ബിനോജ് ലൈവ്. പ്രദീപ് പുതുശ്ശേരിയാണ് എഡിറ്റിങ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് കളിവിളക്ക് സംഗീത പ്രേമികളിലേക്ക് എത്തുക. റെഡ് എക്സ്‌മീഡിയ ഹാളിൽ നടന്ന ചടങ്ങിൽ ഐ.എസ്.സി. പ്രസിഡന്റ് യോഗേഷ് പ്രഭു, കെ.എസ്.സി. പ്രസിഡന്റ് വി.പി. കൃഷ്ണകുമാർ എന്നിവർ ചേർന്ന് ആൽബം പ്രകാശനം ചെയ്തു. മാധ്യമപ്രവർത്തകരായ അനിൽ സി. ഇടിക്കുള, സമീർ കല്ലറ എന്നിവർ ആശംസകൾ അർപ്പിച്ചു.