ദുബായ് : വ്യത്യസ്തമായ നിരവധി കാഴ്ചകളുടെ സമ്മേളനമായിരിക്കും എക്സ്‌പോ 2020 എന്നതിൽ തർക്കമില്ല. അതിലേറ്റവും പ്രധാനപ്പെട്ടതും കൗതുകമുണർത്തുന്നതുമായ കാഴ്ചകളിലൊന്നാകും അമേരിക്കൻ പവിലിയനിലെ മൂൺ റോക്ക് (ചന്ദ്രക്കല്ല്). മനുഷ്യന്റെ ചാന്ദ്രപര്യവേക്ഷണ സമയത്ത് ശേഖരിക്കപ്പെട്ട ശിലകളുടെ ഭാഗങ്ങളാണിവ. അപ്പോളോ മിഷന്റെ ഭാഗമായി ശേഖരിക്കപ്പെട്ടവ. 3.75 ബില്യൺ വർഷം പഴക്കമുണ്ടെന്ന് കണക്കാക്കപ്പെടുന്നവയാണത്. അമേരിക്കൻ ബഹിരാകാശ പര്യവേക്ഷകനായ ജാക്ക് ക്ഷിമിറ്റാണ് ഇത് കണ്ടെത്തിയത്. ചന്ദ്രനിൽ നിന്നും ഇതുവരെ ശേഖരിക്കപ്പെട്ട ഏറ്റവും വലിയ ശിലാപാളിയാണിതെന്ന് എക്സ്‌പോയിലെ അമേരിക്കൻ പവിലിയൻ ഡെപ്യൂട്ടി കമ്മിഷണർ ജനറൽ മാത്യു അസാദ പറഞ്ഞു. 'ജീവിതം, സ്വാതന്ത്ര്യം, ഭാവിയിലേക്കുള്ള പ്രയാണം' എന്ന ആശയത്തിലാണ് അമേരിക്കയുടെ പവിലിയൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ പര്യവേക്ഷണ രംഗങ്ങളിൽ യു.എസ്. ഇതുവരെ നടത്തിയ വികസനയാത്രകളും കൈവരിച്ച നേട്ടങ്ങളുമെല്ലാം വ്യത്യമാക്കുന്ന പ്രദർശനം പ്രത്യേകതയാകും.

സാങ്കേതിക രംഗങ്ങളിൽ അമേരിക്കയുടെ ഭാവി പ്രവർത്തനങ്ങളുടെ എട്ട് മിനിറ്റ് നീളുന്ന അവതരണം ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് അസാദ പറഞ്ഞു. 2004-ൽ ചൊവ്വയിലെത്തി 2018-ലെ കൊടുങ്കാറ്റിൽ തകർന്നുപോയ 'മാർസ് ഓപ്പർച്യുണിറ്റി റോവർ' ഉപഗ്രഹത്തിന്റെ മാതൃകയും യു.എസ്. പവിലിയനെ വേറിട്ടതാക്കും. നാസയുടെ ഏറ്റവും ചെലവേറിയതും പ്രതീക്ഷയേറിയതുമായ ബഹിരാകാശ പര്യവേക്ഷണ പദ്ധതിയായ ഇതിന്റെ പ്രവർത്തനങ്ങൾ എങ്ങനെയായിരുന്നുവെന്ന് 'ചൊവ്വയിൽ നിന്നുള്ള തത്സമയ' വിവരശേഖരണരീതിയുടെ പ്രദർശനത്തോടെ അവതരിപ്പിക്കും. പവിലിയനിൽ നിന്നും പുറത്തുകടക്കുന്ന സന്ദർശകർക്ക് എക്സ്‌പോയിലെ ഉയരമേറിയ നിർമിതിയായ 43 മീറ്റർ ഉയരമുള്ള സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റിന്റെ മാതൃകയും കാണാനാകും. ദീർഘകാലാടിസ്ഥാനത്തിൽ ബഹിരാകാശ യാത്രയുടെ ചെലവുകുറക്കുകയെന്ന ആശയത്തിൽ സുസ്ഥിരനിർമാണ രീതി അവലംബിച്ചാണ് ഇത് രൂപകല്പന ചെയ്തത്.