അബുദാബി : യു.എ.ഇ. സുവർണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി 50 ദിവസം നീളുന്ന കാമ്പയിനുമായി ലുലു ഗ്രൂപ്പ്. വിപണന മേളയും സാമൂഹികക്ഷേമ പദ്ധതികളുമാണ് നടപ്പാക്കുക. യു.എ.ഇ.യിലെ 87 ലുലു സ്റ്റോറുകളിൽ ഡിസംബർ ഒമ്പതുവരെ പരിപാടികൾ നടക്കും.

50 ദിവസം 50 ഉത്പന്നങ്ങൾക്ക് 50 ശതമാനം ഇളവാണ് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കുക. പലവ്യഞ്ജനം, ഫാഷൻ, ഇലക്േട്രാണിക്സ് എന്നിവ ഇതിലുൾപ്പെടും. കല്യാൺ ജ്വല്ലേഴ്സുമായി ചേർന്ന് സ്വർണസമ്മാന പദ്ധതിയും ഇക്കാലയളവിൽ നടക്കും. 100 ദിർഹത്തിന്റെ ഇടപാടുകൾ നടത്തുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 50 ഭാഗ്യശാലികൾക്ക് 50 ഗ്രാം സ്വർണം വെച്ച് മൊത്തം രണ്ടര കിലോ സ്വർണം സമ്മാനമായി നൽകും. മൊബൈൽ ഫോൺ, ഇലക്‌േട്രാണിക് ഉപകരണങ്ങൾ, ക്യാമറ, ഐ.ടി. ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് ഇളവുകൾ ലഭ്യമാക്കിക്കൊണ്ട് ‘ഡിജി ടെക് ’ മേള 26 മുതൽ ആരംഭിക്കും.

മൊബൈൽ, ടി.വി., ലാപ്ടോപ്പുകൾ എന്നിവ മാറ്റിവാങ്ങാൻ എക്സ്‌ചേഞ്ച് ഫെസ്റ്റിവലും പലിശരഹിത ഇൻസ്റ്റാൾമെന്റ് പദ്ധതികളും ഇക്കാലയളവിലുണ്ടാകും. ദീപാവലിയുടെ ഭാഗമായി ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെയും മധുരപലഹാരങ്ങളുടെയും വിപണനമേളയും നടക്കും. ലുലു ദീവാലി ഗിഫ്റ്റ് കാർഡും പുറത്തിറക്കിയിട്ടുണ്ട്. കൂടുതൽപ്പേർക്കുള്ള ദീവാലി മധുരപലഹാരങ്ങളുടെ കോർപ്പറേറ്റ് ഓർഡറുകളും ഇത്തവണ സ്വീകരിക്കും.

ഇലക്‌േട്രാണിക്സ്, മൊബൈൽ ഉത്പന്നങ്ങളുടെ വിപണന മേള ‘സൂപ്പർ ഫ്രൈഡേ’ നവംബർ 23-ന് ആരംഭിക്കും. 10 ദിവസം നീണ്ടുനിക്കുന്ന മേളയുടെ ഭാഗമായി ഉത്പന്നങ്ങൾ വൻ വിലക്കുറവിൽ ലഭിക്കും.

യു.എ.ഇ. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ‘അഭിമാനത്തോടെ യു.എ.ഇ.യിൽനിന്ന് ’ എന്ന ആശയത്തിൽ പ്രാദേശിക കാർഷിക വിളകളുടെ വിപണന മേള നടക്കും. ഓൺലൈൻ ഇടപാടുകൾ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ലുലു ഷോപ്പിങ് ആപ്പ് നവീകരിക്കുകയും ചെയ്തു. ഉത്പന്നങ്ങൾ കേടുപാടുകൾ കൂടാതെ ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് സൂക്ഷിക്കുന്നതിനായി 200 ഊഷ്മാവ് നിയന്ത്രിത വാഹനങ്ങളാണ് ലുലുവിനായി സേവനമനുഷ്ഠിക്കുന്നത്.

യു.എ.ഇ. യിൽ തുടക്കം കുറിച്ച് ആഗോള ബ്രാൻഡായ ലുലു ഗ്രൂപ്പിന്റെ ഭാഗമാകുന്നതിൽ അഭിമാനിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ‘‘എല്ലാവിധ വ്യവസായനുകൂല സാഹചര്യങ്ങളും ലഭ്യമാക്കിയ ദീർഘദർശികളായ യു.എ.ഇ. ഭരണാധികാരികളാണ് ഞങ്ങളുടെ നേട്ടങ്ങൾക്ക് കാരണം. അതിന് കാരണമായ ലക്ഷക്കണക്കിന് ഉപഭോക്താക്കളോടും യു.എ.ഇ.യുടെ സംരംഭകത്വ മനോഭാവത്തോടുള്ള ആദരവുകൂടിയാണ് ഈ ആഘോഷങ്ങൾ’’- അദ്ദേഹം പറഞ്ഞു.

സാമൂഹികക്ഷേമ പദ്ധതികളുടെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രെസന്റുമായി സഹകരിച്ച് ‘രണ്ടുദിർഹം നൽകു, രണ്ട് കണ്ണുകൾ രക്ഷിക്കൂ’ എന്ന ആശയത്തിൽ റിവർ ബ്ലൈൻഡ്‌നെസ് എന്ന നേത്രരോഗബാധിതരായ പാവപ്പെട്ടവർക്ക് സഹായം ലഭ്യമാക്കും. യു.എ.ഇ.യോടുള്ള ജനങ്ങളുടെ സ്‌നേഹം വാക്കുകളിലൂടെ പങ്കുവെക്കാൻ ‘വാൾ ഓഫ് പ്രൈഡ്’ എന്ന പദ്ധതി നടപ്പാക്കും.

വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരടക്കം അക്ഷരങ്ങളിലൂടെ യു.എ.ഇ.യോടുള്ള ഇഷ്ടം പ്രകടിപ്പിക്കുന്ന പദ്ധതിയിൽ ഏവർക്കും ഭാഗമാകാനാകുമെന്ന് പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗ്രൂപ്പ് മാർക്കറ്റിങ് കമ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ, ഓംനിചാനൽ ഓപ്പറേഷൻസ് ഹെഡ് സ്റ്റുവർട്ട് ഡേവിഡ്ജ്, റീട്ടെയിൽ ഓപ്പറേഷൻ ഡയറക്ടർ ഷാബു അബ്ദുൽ മജീദ്, ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ എന്നിവർ പങ്കെടുത്തു.