ദുബായ് : എക്സ്‌പോ 2020 സൗദി പവിലിയനിൽ വെള്ളിയാഴ്ചയെത്തിയത് റെക്കോഡ് സന്ദർശകർ. 23,000 ആളുകളാണ് സൗദിയുടെ പരമ്പരാഗത കാഴ്ചകൾക്ക് സാക്ഷികളായത്. എക്സ്‌പോയിലെ പവിലിയനിൽ ഒരു ദിവസമെത്തുന്ന ഏറ്റവുമുയർന്ന സന്ദർശക നിരക്കാണിത്. പവിലിയന്റെ ഉദ്ഘാടനശേഷം രണ്ടാഴ്ചപിന്നിടുമ്പോൾ രണ്ടുലക്ഷം ആളുകളാണ് ഇവിടെ സന്ദർശനം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ ഇതിലുൾപ്പെടും.

സൗദി പവിലിയനിലെ വിശേഷങ്ങളറിയാൻ ഇത്രയധികം പേരെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്ന് സൗദി പവിലിയൻ കമ്മിഷണർ ജനറൽ ഹുസൈൻ ഹൻബസാഹ് പറഞ്ഞു.

സൗദിയുടെ പ്രത്യേകതകളെല്ലാം ഉൾക്കൊള്ളുന്നതാണ് ഈ പവിലിയൻ. ഇതിന്റെ മാതൃകയ്ക്ക് സുസ്ഥിര നിർമിതിയുടെ യു.എസ്. അംഗീകാരമായ എനർജി ആൻഡ് എൻവയോൺമെന്റ് ഡിസൈൻ ഫ്രം യു.എസ്. ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ പ്ലാറ്റിനം സർട്ടിഫിക്കറ്റ് കിട്ടിയിരുന്നു.

വിസ്മയങ്ങൾ നടന്നുകണ്ട് ശൈഖ് മക്തൂം ബിൻ മുഹമ്മദ്

ദുബായ് : എക്സ്‌പോ 2020-ലെ ഇന്ത്യ, പാകിസ്താൻ, സിങ്കപ്പുർ പവിലിയനുകളിൽ ദുബായ് ഉപ ഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സന്ദർശനം നടത്തി. ഓപ്പർച്യുനിറ്റി ഡിസ്ട്രിക്ടിലെ ഇന്ത്യൻ പവിലിയനിൽ എത്തിയ അദ്ദേഹത്തിന് ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയെക്കുറിച്ച് ബന്ധപ്പെട്ടവർ വിശദീകരിച്ചുനൽകി. വൈവിധ്യമാർന്ന പാരിസ്ഥിതികസൗന്ദര്യം പ്രദർശിപ്പിക്കുന്ന പാകിസ്താൻ പവിലിയനും അദ്ദേഹം നടന്നുകണ്ടു. സമൃദ്ധമായ ഭൂപ്രകൃതിയുള്ള സിങ്കപ്പുർ പവിലിയനിലും ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാഷിദ് എത്തി.

അഞ്ചിലൊരാൾ ഇറ്റലി പവിലിയൻ സന്ദർശിച്ചു

ദുബായ് : എക്സ്‌പോ 2020 സന്ദർശകരിൽ അഞ്ചിൽ ഒരാൾ ഇറ്റലി പവിലിയനിൽ സന്ദർശനം നടത്തിയതായി റിപ്പോർട്ടുകൾ. ഇതുവരെ എക്സ്‌പോ സന്ദർശിച്ച ഏഴരലക്ഷം പേരിൽ ഒന്നരലക്ഷമാളുകൾ ഇറ്റലി പവലിയനിൽ സന്ദർശനം നടത്തിയിട്ടുണ്ട്.

വാരാന്ത്യങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് രേഖപ്പെടുത്തുന്നത്. വിവിധ ഓൺലൈൻ മാധ്യമങ്ങളിലായി പവിലിയൻ സംഘടിപ്പിക്കുന്ന വ്യത്യസ്ത പരിപാടികളിൽ 30 ലക്ഷത്തിലേറെ ആളുകളാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് പങ്കെടുത്തത്.

ഇറ്റാലിയൻ പവിലിയനിലെ സംഗീത പരിപാടികളിലും സാംസ്കാരിക പരിപാടികളിലും ആയിരങ്ങൾ ഭാഗമായി. ഇറ്റലിയിലെയും യു.എ.ഇ.യിലെയും പ്രമുഖ ടൂർ ഓപ്പറേറ്റിങ് കമ്പനികളുടെ റിപ്പോർട്ടുകൾ പ്രകാരം യു.എ.ഇ.യിലേക്കുള്ള യാത്രികരുടെ എണ്ണത്തിൽ 40 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. നവംബർ, ഡിസംബർ മാസങ്ങളിൽ സന്ദർശകരുടെ എണ്ണത്തിൽ കാര്യമായ വർധനയാണ് പ്രതീക്ഷിക്കുന്നത്.

യു.എ.ഇ.യുടെ പൈതൃക കാഴ്ചകളുമായി എക്‌സ്‌പോ ഫസ പവലിയൻ

ദുബായ് : യു.എ.ഇ.യുടെ സമൃദ്ധമായ പൈതൃക കാഴ്ചകളുമായി എക്സ്‌പോ 2020 ഫസ പവലിയൻ വേറിട്ട പരിപാടികൾക്കൊരുങ്ങുന്നു. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഖലീഫ എംപവർമെന്റ് പ്രോഗ്രാമുമായി സഹകരിച്ച് 24 മുതൽ 30 വരെ രാത്രി എട്ടരയ്ക്ക് അവതരണങ്ങൾ നടക്കും.

ഹെറിറ്റേജ് സെന്റർ കൺസൾട്ടന്റുമാരും ഗവേഷകരും പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് റിസർച്ച് ആൻഡ് സ്റ്റഡീസ് വിഭാഗം ഡയറക്ടർ ഫാത്തിമ ബിൻ ഹുറൈസ് പറഞ്ഞു. യു.എ.ഇ.യുടെ പൈതൃകാടയാളങ്ങളായ ഒട്ടകം, കന്നുകാലികൾ, കപ്പൽ, വേട്ടപ്പരുന്ത്, കാപ്പി, കുതിരകൾ, മുത്ത് എന്നിവയെക്കുറിച്ചെല്ലാം അവതരണങ്ങളുണ്ടാകും.