ദുബായ് : യു.എ.ഇ. ദേശീയദിനാഘോഷത്തിനും അനുസ്മരണദിനത്തിനും മുന്നോടിയായി അധികൃതർ കോവിഡ് മുൻകരുതൽ നടപടികൾ പ്രഖ്യാപിച്ചു. ആഘോഷങ്ങളിലും ഒത്തുചേരലുകളിലും പങ്കെടുക്കുന്നവർക്ക് കോവിഡ് നെഗറ്റീവ് പി.സി.ആർ. ഫലം ഉണ്ടായിരിക്കണം. മറ്റുള്ളവരുമായി അടുത്തിടപഴകുമ്പോൾ മുഖാവരണം ധരിച്ചിരിക്കണം. എങ്കിലും സ്വന്തം കുടുംബത്തിലെ അംഗങ്ങൾക്കിടയിൽ സാമൂഹിക അകലം പാലിക്കേണ്ടതില്ല. ദേശീയ ദുരന്തനിവാരണ അതോറിറ്റി പ്രതിവാര കോവിഡ് ബ്രീഫിങ്ങിനിടെയാണ് ഇക്കാര്യമറിയിച്ചത്. ആഘോഷം സുരക്ഷിതമായിരിക്കണമെന്നും അതോറിറ്റി പ്രതിനിധി നിർദേശിച്ചു.

നിലവിൽ യു.എ.ഇ. മുഴുവൻ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്യുന്നതിൽ യു.എ.ഇ. ലോകത്ത് മൂന്നാമതും പ്രാദേശികതലത്തിൽ ഒന്നാം സ്ഥാനത്തുമാണ്. സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിവിധ സന്നദ്ധപ്രവർത്തകർ രാജ്യത്ത് പ്രവർത്തിക്കും.

അറിഞ്ഞിരിക്കാം, പ്രധാന നിർദേശങ്ങൾ

ആഘോഷങ്ങളിൽ പങ്കെടുക്കുന്നവർക്ക് 96 മണിക്കൂറിനിടെയുള്ള കോവിഡ് നെഗറ്റീവ് ഫലം ഉണ്ടായിരിക്കണം.

ആഘോഷങ്ങളിൽ 80 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനം. പ്രവേശിക്കുന്നതിന് മുൻപ് ശരീരതാപനില പരിശോധിക്കും.

എപ്പോഴും മുഖാവരണം ധരിച്ചിരിക്കണം.

1.5 മീറ്റർ ശാരീരിക അകലം പാലിക്കണം. കുടുംബങ്ങൾക്കിടയിൽ ആവശ്യമില്ല.

എല്ലാ പ്രായത്തിലുമുള്ളവർക്ക് പരിപാടികളിൽ പങ്കെടുക്കാം. 14 ദിവസങ്ങൾക്ക് മുൻപ് കോവിഡ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. കൂടാതെ അൽഹൊസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉണ്ടായിരിക്കണം.

ആശംസകൾ ഹസ്തദാനത്തിലൂടെയോ ആലിംഗനത്തിലൂടെയോ നൽകരുത്. ശാരീരിക അകലം നിർബന്ധമാണ്.

ഫോട്ടോ എടുക്കുമ്പോഴും ശാരീരിക അകലം വേണം.

എല്ലാ എമിറേറ്റുകൾക്കും നിയമം ബാധകമാണ്.

പൊതു ശൗചാലയങ്ങൾ ഉപയോഗിക്കുമ്പോൾ സാനിറ്റൈസർ കരുതുക.