ദുബായ് : യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്‌പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി ജോർദാൻ, സിങ്കപ്പൂർ എന്നീ രാജ്യങ്ങളുടെ പവിലിയനുകളിൽ സന്ദർശനം നടത്തി. ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ ശൈഖ് അഹ്മദ് ബിൻ സയീദ് അൽ മക്തൂം എക്സ്‌പോ 2020 ദുബായ് ഉന്നതസമിതി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്‌പോ 2020 ദുബായ് ഡയറക്ടർ ജനറലും അന്താരാഷ്ട്ര സഹകരണവകുപ്പ് മന്ത്രിയുമായ റീം ബിൻത് ഇബ്രാഹിം അൽ ഹാശിമി എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.

ജോtർദാൻ പവിലിയനിലെത്തിയ അദ്ദേഹത്തെ ജോർദാൻ പ്രധാനമന്ത്രി ബിഷ്ർ അൽ ഖസൗനെഹ് സ്വാഗതം ചെയ്തു. ജോർദാന്റെ സംസ്കാരത്തെയും ചരിത്രത്തെയും യു.എ.ഇ.യിലേക്ക് സ്വാഗതം ചെയ്യുന്നതായും യു.എ.ഇ. പുലർത്തുന്ന സഹോദര്യബന്ധം ശക്തമായി തുടരുമെന്നും അദ്ദേഹം അറിയിച്ചു.

എക്സ്‌പോയിലെ മൊബിലിറ്റി ഡിസ്ട്രിക്ടിലാണ് ജോർദാൻ പവിലിയൻ. രാജ്യത്തിന്റെ ചരിത്രം, വിനോദ സഞ്ചാരമേഖലയിലെ സാധ്യതകൾ, ഭാവി പദ്ധതികൾ എന്നിവയെല്ലാം പവിലിയൻ സന്ദർശകർക്കായി പ്രദർശിപ്പിക്കുന്നുണ്ട്. 30 മീറ്ററോളം ദൈർഘ്യമുള്ള ചുറ്റിവളഞ്ഞ രീതിയിൽ നിർമിച്ചിട്ടുള്ള നടപ്പാത പവിലിയന്റെ പ്രത്യേകതയാണ്. ജോർദാനിയൻ കരകൗശലവിദഗ്ധർ ഒരുക്കിയിട്ടുള്ള കരകൗശലവസ്തുൾ, തനത് ഉത്പന്നങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്.

സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സിങ്കപ്പൂർ പവിലിയനിലും ശൈഖ് മുഹമ്മദ് സന്ദർശനം നടത്തി.

പ്രകൃതി ദൃശ്യങ്ങളാൽ സമ്പന്നമാണ് സിങ്കപ്പൂർ പവിലിയൻ. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനപദ്ധതികൾ ഒരുക്കുന്നതിൽ സിങ്കപ്പൂരിന്റെ മികവ് ഇവിടെ കാണാനാവും. അതിനായുള്ള നൂതന സാങ്കേതികവിദ്യകളും ഇവിടെ കാണാനാവും.

മഴക്കാടുകൾ സിങ്കപ്പൂർ പവിലിയന്റെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. ‘പ്രകൃതിയിൽ രൂപപ്പെടുത്തിയ നഗരം’ എന്ന പ്രമേയത്തിലാണ് പവിലിയൻ ഒരുക്കിയിരിക്കുന്നത്. 1500 ചതുരശ്രമീറ്റർ പ്രദേശത്ത് ഉഷ്ണമേഖലാ സസ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേശീയദിനം എക്സ്‌പോയിൽ ആഘോഷമാക്കി ബ്രസീൽ

ദുബായ് : എക്സ്‌പോ 2020 വേദിയിൽ ദേശീയദിനം ആഘോഷമാക്കി ബ്രസീൽ.

ആഘോഷത്തിൽ പങ്കെടുക്കാൻ പ്രസിഡന്റ് ജെയിർ ബോൾസൊനാരോയും ദുബായിലെത്തിയിരുന്നു.

യു.എ.ഇ.യുമായി വ്യാപാര, നിക്ഷേപ, സാംസ്കാരികബന്ധങ്ങൾ ശക്തമാക്കാനുള്ള ചർച്ചയും പ്രസിഡന്റ് യു.എ.ഇ. അധികൃതരുമായി നടത്തി.

എക്സ്‌പോ തുടങ്ങിയശേഷം ഇതുവരെ 4,01,177 സന്ദർശകരെയാണ് ബ്രസീൽ പവിലിയൻ സ്വാഗതം ചെയ്തത്.

ഫിർദൗസ് സംഗീതപരിപാടി ഇന്ന്

ദുബായ് : എ.ആർ. റഹ്മാൻ നേതൃത്വം നൽകുന്ന ഫിർദൗസ് വനിതാ ഓർക്കസ്ട്രയുടെ സംഗീതപരിപാടി നവംബർ 20 ശനിയാഴ്ച എക്സ്‌പോ 2020-യിലെ ജൂബിലി പാർക്കിൽ നടക്കും. ലോകശിശുദിനത്തോട് അനുബന്ധിച്ചാണ് പരിപാടി. 23 രാജ്യങ്ങളിൽ നിന്നുള്ള 16 മുതൽ 51 വയസ്സുവരെയുള്ള സംഗീതജ്ഞരാണ് സംഘത്തിലുള്ളത്. സംഘത്തിലെ നിർമാതാക്കൾ, സൗണ്ട് എൻജിനിയർമാർ, സംഗീത സംവിധായകർ, സാങ്കേതിമേഖലകളിലുള്ളവർ എല്ലാം വനിതകളാണ്. സംഗീതപ്രേമികളായ കുട്ടികൾക്ക് ഉൾപ്പെടെ പ്രകടനം മികച്ച അനുഭവമാകുമെന്നാണ് വിലയിരുത്തൽ. നിശ്ചിത ആളുകളെ മാത്രമേ വേദിയിൽ അനുവദിക്കൂ.