: സൈനിക പൈതൃക പരേഡോടെയാണ് ഇത്തവണത്തെ ശൈഖ് സായിദ് ഫെസ്റ്റിവൽ ആരംഭിച്ചത്. ആയിരകണക്കിന് വിനോദ, പഠന, സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. നാടോടിക്കഥകളുമായി ബന്ധപ്പെട്ട പ്രദർശനങ്ങൾ, സാംസ്‌കാരിക അനുഭവക്കാഴ്ചകൾ, പരമ്പരാഗത ഉത്പന്നങ്ങളെ അടുത്തറിയുന്നതിനുള്ള അവസരം, 21 അന്താരാഷ്ട്ര പ്രദർശനങ്ങൾ, തിയേറ്റർ പ്രദർശനങ്ങൾ, നാടൻ കലാപ്രദർശനങ്ങൾ എന്നിവയുണ്ടാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 22500-ലേറെ കലാകാരൻമാർ, പ്രദർശകർ പങ്കെടുക്കും.

അന്താരാഷ്ട്ര തലത്തിലുള്ള 4500-ലേറെ സാംസ്കാരിക പരിപാടികൾ, കുട്ടികൾക്കായുള്ള 130 വർക്ക്‌ഷോപ്പുകൾ, ഇമറാത്തി കരകൗശലത്തനിമ വെളിപ്പെടുത്തുന്ന പ്രദർശനങ്ങൾ, പരമ്പരാഗത മാർക്കറ്റുകൾ, രാജ്യത്തെ കന്നുകാലി വളർത്തൽ സംബന്ധിച്ചും കൃഷി സംബന്ധമായ രീതികൾ സംബന്ധിച്ചും അറിവുപകരുന്ന പ്രത്യേക പ്രദർശനങ്ങൾ എന്നിവയുമുണ്ടാകും. യു.എ.ഇ.യുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് 'ഇയർ ഓഫ് ദി 50' പ്രത്യേക പരിപാടി അരങ്ങേറും. ലേസർ പ്രദർശനങ്ങൾ, ത്രീ ഡി ഹോളോഗ്രാം, വാട്ടർ ഷോ എന്നിവ ഉൾപ്പെടുന്ന എമിറേറ്റ്‌സ് ഫൗണ്ടൻ, കുടുംബങ്ങൾക്കായി കാർട്ടിങ്, ഷൂട്ടിങ്‌, ഡ്രൈവിങ്‌ സിമുലേഷൻ തുടങ്ങിയ സ്പോർട്ട്‌സ് പരിപാടികൾ അവതരിപ്പിക്കുന്ന അൽ ഫോർസാൻ ഇന്റർനാഷണൽ സ്പോർട്‌സ് റിസോർട്ട്‌സിന്റെ പ്രത്യേക പ്രദർശനം, കുട്ടികൾക്കായുള്ള വിനോദപരിപാടികൾ തുടങ്ങിയവ ഈ വർഷത്തെ മേളയുടെ പ്രത്യേകതകളാണ്.

ഫൺ ഫെയർ സിറ്റി അമ്യൂസ്‌മെന്റ് പാർക്ക് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ വെള്ളിയാഴ്ചയും അൽ വത്ബയിലെത്തുന്നവർക്ക് ആസ്വദിക്കുന്നതിനായി ഗംഭീര കരിമരുന്ന് പ്രയോഗമുണ്ടാകും.