അബുദാബി : അൽ വത്ബയിൽ ആഘോഷരാവൊരുക്കി ശൈഖ് സായിദ് പൈതൃകോത്സവത്തിന് വ്യാഴാഴ്ച തുടക്കമായി. ആഗോളതലത്തിൽ തന്നെ ഏറെ പ്രാധാന്യമുള്ള ഉത്സവമാണ് പൈതൃകോത്സവം. ഏപ്രിൽ ഒന്നുവരെയാണ് ഈ ഉത്സവം നീണ്ടുനിൽക്കുന്നത്. യു.എ.ഇ. യുടെ ചരിത്രവും പൈതൃകവും പങ്കുവെക്കുന്ന മേള മരുഭൂമിയിലെ ജീവിതത്തിന്റെ വിവിധതലങ്ങൾ തനിമയോടെ പുനരാവിഷ്കരിക്കും.

മരുഭൂമി, കടൽ, മലനിരകൾ എന്നിവയിൽനിന്നുള്ള വിഭവങ്ങളെ ആശ്രയിച്ചുകഴിഞ്ഞിരുന്ന കാലഘട്ടത്തിൽനിന്ന്‌ പുരോഗതിയിലേക്കുള്ള യാത്രയുടെ വിവിധഘട്ടങ്ങൾ വിശദീകരിക്കുന്ന പ്രദർശനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രാദേശിക ഉത്‌പന്നങ്ങളുടെ വിപണിയും പരമ്പരാഗത ഭക്ഷ്യവിഭവങ്ങളുടെ നിർമാണവുമെല്ലാം നേരിട്ട് കണ്ടാസ്വദിക്കാൻ മേള അവസരമൊരുക്കും.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിൽ നടക്കുന്ന മേളക്ക് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നേതൃത്വം നൽകും. യു.എ.ഇ.യുടെ അടുത്ത 50 വർഷത്തെ വികസന പ്രവർത്തനങ്ങളുടെ അവതരണം ഇത്തവണത്തെ മേളയുടെ പ്രത്യേകതയായിരിക്കും. ഏറ്റവും മികച്ച സാംസ്കാരിക, വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിൽ അബുദാബിയുടെ പെരുമ കൂടുതൽ ഉയരങ്ങളിലേക്കെത്തിക്കാൻ ഇത്തവണത്തെ ഉത്സവം കാരണമാകുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

മുൻപുള്ളതിനേക്കാൾ ഇരട്ടിവലുപ്പത്തിലാണ് ഇത്തവണത്തെ ഫെസ്റ്റിവൽ വേദി ഒരുക്കിയിട്ടുള്ളത്. ദിവസവും വൈകീട്ട് നാലുമണിക്ക് ആരംഭിക്കുന്ന ഫെസ്റ്റിവൽ വിവിധ ഗൾഫ് രാജ്യങ്ങൾ, സിറിയ, ലെബനോൺ, ഈജിപ്ത്, ഇന്ത്യ, ചൈന, മൊറോക്കോ എന്നിവയുടെ സാന്നിധ്യവുമുണ്ട്. വരുംമാസങ്ങളിൽ 650 ലേറെ നാടകങ്ങളും, നാടൻ കലാരൂപങ്ങളും വേദിയിൽ അരങ്ങേറും. പങ്കെടുക്കുന്ന ഓരോ രാജ്യങ്ങളുടെയും സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷണം, വസ്ത്രം, പുസ്തകങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന പ്രത്യേക പവിലിയനുകളും ഫെസ്റ്റിവലിലുണ്ട്. ഇതിന് പുറമെ എല്ലാ ദിവസവും രാത്രി കരിമരുന്ന് പ്രയോഗവും, ലേസർ ഷോകളും ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാനായി ഒരുക്കിയിട്ടുണ്ട്. ഡിസംബർ രണ്ടിന് യു.എ.ഇയുടെ 50-മത് ദേശീയ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക പരിപാടിയും ആസൂത്രണം ചെയ്തിട്ടുണ്ട്. ശൈഖ് സായിദ് ഫെസ്റ്റിവലിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: www.zayedfestival.ae.

അതേസമയം എല്ലാ വർഷവും സംഘടിപ്പിക്കാറുള്ള സാംസ്‌കാരിക പരിപാടിയായ അൽ ഹൊസൻ ഫെസ്റ്റിവൽ നവംബർ 25-ന് ആരംഭിച്ച് ഡിസംബർ നാലുവരെ നീണ്ടുനിൽക്കും. അൽ ഹൊസൻ കൾച്ചറൽ സൈറ്റിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. അബുദാബിയുടെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഫെസ്റ്റിവൽ ഒരുക്കുന്നത്. വിവിധ കലാപരിപാടികൾ, കലാപ്രദർശനങ്ങൾ, സിനിമാ പ്രദർശനങ്ങൾ, കരകൗശല വസ്തുക്കളുടെ പ്രദർശനങ്ങൾ, എമിറേറ്റിലെ തനതായ ഭക്ഷണം രുചിച്ചുനോക്കുന്നതിനായുള്ള അവസരങ്ങൾ എന്നിവ ഉണ്ടാകും.