കോഴിക്കോട്

: പ്രവാസത്തിന്റെ കഥാകാരനായിരുന്നു കെ.യു. ഇഖ്ബാൽ. ഗൾഫ് നാടുകളിലെ കണ്ണീരിന്റെയും കിനാക്കളുടെയും നേർക്കാഴ്ചകൾ അദ്ദേഹം മനോഹരമായി വായനക്കാരിലെത്തിച്ചു. ഓർമകളുടെ പൂമരവുമായിരുന്നു അദ്ദേഹം. കേരളത്തിലെ സാഹിത്യ, സാംസ്കാരിക മേഖലകളിലെ നിറസാന്നിധ്യങ്ങൾ ആയിരുന്നവരുമായുള്ള സൗഹൃദം ഇഖ്ബാലിന്റെ രചനകളായി. അവരുടെ ജീവിതം അങ്ങനെ ലോകമറിഞ്ഞു.

മനോഹരമായ ഭാഷയിൽ ഇഖ്ബാൽ എഴുതിയ ഫീച്ചറുകൾ ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ ഇടംപിടിച്ചു. മാതൃഭൂമി വാരാന്തപ്പതിപ്പിലും മാതൃഭൂമിയുടെ ഗൾഫ് ഫീച്ചറിലും വന്ന സൃഷ്ടികളിലൂടെ ഇഖ്ബാൽ വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി.

സൗദിയിൽ മാധ്യമപ്രവർത്തകനായിരിക്കുമ്പോഴും അവധിക്ക് നാട്ടിലെത്തുമ്പോൾ സാംസ്കാരിക, സാഹിത്യ രംഗങ്ങളിലുള്ളവരെ സന്ദർശിച്ച് സൗഹൃദം പുതുക്കാൻ അദ്ദേഹം മറന്നില്ല.

മാതൃഭൂമി ഓൺലൈനിൽ വന്ന ഇഖ്ബാലിന്റെ ‘കണ്ണും കാതും’ എന്ന പംക്തി ഏറെ ശ്രദ്ധേയമായിരുന്നു.

‘ഞാൻ ജീവിച്ചിരിക്കുന്നുവെന്ന് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ കണ്ണും കാതും എന്ന കോളം വഹിച്ച പങ്ക് എത്ര വലുതാണെന്ന് തിരിച്ചറിയുമ്പോഴാണ് മാതൃഭൂമിയോടും വായനക്കാരോടുമുള്ള എന്റെ സ്‌നേഹംനിറഞ്ഞ കടപ്പാട് ആകാശത്തോളമെത്തുന്നത്’’- പംക്തി നൂറുലക്കം പിന്നിട്ടപ്പോൾ ഇഖ്ബാൽ ഇങ്ങനെയെഴുതി.

സൗദിയിൽ ജോലിക്കായി പോയ ഒരു സ്ത്രീയുടെ ജീവിതം സംബന്ധിച്ച് ഇഖ്ബാൽ ‘ഗദ്ദാമ’ എന്നപേരിലെഴുതിയ ലേഖനമാണ് പിന്നീട് അതേ പേരിലുള്ള സിനിമയ്ക്കു പ്രേരണയായതെന്ന് സിനിമയുടെ തിരക്കഥാകൃത്തായ ഗിരീഷ്‌കുമാർ ഓർക്കുന്നു.

മറഞ്ഞുപോയ അനേകംപേരുടെ ജീവിതത്തെ ഓർമയുടെ അരങ്ങിലേക്കു കൊണ്ടുവന്ന ശേഷമാണ് ഇഖ്ബാൽ യാത്രയാവുന്നത്. ആ എഴുത്തുകൾ ഇഖ്ബാലിന്റെ അടയാളമായി ഇവിടെ ശേഷിക്കും.