ജിദ്ദ : പ്രവാസലോകത്തെ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി കെ.യു. ഇഖ്ബാൽ(58) ജിദ്ദയിൽ അന്തരിച്ചു. കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയാണ് അന്ത്യം. 2011-ൽ പുറത്തിറങ്ങിയ കമൽ സംവിധാനം ചെയ്ത ‘ഗദ്ദാമ’ എന്ന സിനിമയുടെ കഥാകൃത്താണ്. ഇഖ്ബാൽ എഴുതിയ ഗദ്ദാമ എന്ന ഫീച്ചറിനെ ആസ്പദമാക്കിയാണ് കെ. ഗിരീഷ്‌കുമാറും കമലും ചേർന്ന് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത്. മാതൃഭൂമിയുൾപ്പെടെ ഒട്ടേറെ പത്രങ്ങളിൽ പ്രത്യേക പംക്തികൾ എഴുതിയിരുന്നു. സൗദിയിലെ മലയാളം ന്യൂസ് പത്രത്തിൽ പ്രവർത്തിച്ചു. റിയാദിൽ ബ്യൂറോ ചീഫ് ആയിരുന്നു. മാതൃഭൂമി ഓൺലൈനിൽ ഇഖ്ബാലെഴുതിയിരുന്ന ‘കണ്ണും കാതും’ എന്ന പംക്തി നൂറാഴ്ച പിന്നിട്ടിരുന്നു. ഇത് ഏറെ ജനശ്രദ്ധ ആകർഷിച്ച പംക്തിയാണ്.

റിയാദ് ഇന്ത്യൻ മീഡിയ ഫോറത്തിന്റെ സ്ഥാപക പ്രസിഡന്റാണ്. പിതാവ്: പരേതനായ ഉമർ കുട്ടി. ഭാര്യ: റസീന. മക്കൾ: മുഹമ്മദ് നഈം (കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥി), മുഹമ്മദ് അസദ് (ഡൽഹി യൂണിവേഴ്‌സിറ്റി വിദ്യാർഥി).