ഷാർജ : ഷാർജ ഇന്ത്യൻ അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മൊത്തം 145 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. സൂക്ഷ്മപരിശോധനയ്ക്കു ശേഷം നാല് പത്രികകൾ തള്ളിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് നാലുപേർ പത്രിക സമർപ്പിച്ചപ്പോൾ ജനറൽ സെക്രട്ടറി, ഖജാൻജി സ്ഥാനങ്ങളിലേക്കായി ഏഴുവീതം പത്രികകൾ നൽകിയിരുന്നു. വൈസ് പ്രസിഡന്റ് (എട്ട്), ജോയന്റ് സെക്രട്ടറി (എട്ട്), സഹ ഖജാൻജി (10), ഓഡിറ്റർ (എട്ട്) എന്നിങ്ങനെയായിരുന്നു ഓഡിറ്റർ, സഹ ഭാരവാഹികൾ സ്ഥാനങ്ങൾക്കായി സമർപ്പിച്ച പത്രികകൾ. മാനേജിങ് കമ്മിറ്റിയിലേക്ക് മത്സരിക്കാനായി 93 പേരാണ് പത്രിക സമർപ്പിച്ചത്. നൽകിയ പത്രികൾ പലരും പിൻവലിച്ചതോടെ വെള്ളിയാഴ്ച രാത്രിയോടെ മത്സരത്തിനുള്ള അന്തിമപട്ടിക പുറത്തിറക്കി.

നിലവിലെ ഭരണസമിതിയായ ‘വിശാല ജനകീയ മുന്നണി’യും ഇടതുപക്ഷ ആഭിമുഖ്യമുള്ള മാസ് നേതൃത്വം നൽകുന്ന ‘ജനകീയ മുന്നണി’യും തമ്മിലാണ് പ്രധാനമത്സരം. ബി.ജെ.പി. ആഭിമുഖ്യമുള്ള ‘ഇന്ത്യൻ നാഷണലിസ്റ്റ് ഫോറം’ (ഐ.എൻ.എഫ്.) വും മത്സരരംഗത്തുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ വൈസ് പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, മാത്തുക്കുട്ടി കടോൺ എന്നിവർ തമ്മിൽ മത്സരിക്കുമ്പോൾ ഐ.എൻ.എഫിൽനിന്ന് വിജയൻ നായരാണ് പ്രസിഡന്റ് സ്ഥാനാർഥി. കഴിഞ്ഞ രണ്ടുതവണയും പ്രസിഡന്റ് ആയിരുന്ന ഇ.പി. ജോൺസൺ ഇക്കുറി മത്സരരംഗത്തില്ല. കെ.പി.സി.സി.യുടെ നിർദേശാനുസരണം അഡ്വ. വൈ.എ. റഹീമിന്റെ നേതൃത്വത്തിലുള്ള വിശാല ജനകീയ മുന്നണി ഈ തിരഞ്ഞെടുപ്പിൽ പൂർണമായും യു.ഡി.എഫ്. സംവിധാനത്തിലായെന്ന് ഇൻകാസ് യു.എ.ഇ. പ്രസിഡന്റ് വി. മഹാദേവൻ പറഞ്ഞു. അതേ മുന്നണി നയിച്ച ഭരണസമിതിയിലുണ്ടായിരുന്ന ഇടതുപക്ഷത്തിന്റെ ഭാഗമായ യുവകലാസാഹിതി, ഐ.എം.സി.സി. എന്നീ സംഘടനകൾ പുതിയ തിരഞ്ഞെടുപ്പിൽ ജനകീയ മുന്നണിയോടൊപ്പമാണ്. തികഞ്ഞ വിജയപ്രതീക്ഷയുണ്ടെന്ന് മൂന്നുമുന്നണികളും അവകാശപ്പെട്ടു.