റിയാദ് : മുഹമ്മദ് നബിയുടെ ചര്യ പിന്തുടർന്ന് സൗദി അറേബ്യയിലുടനീളം വ്യാഴാഴ്ച ഇസ്തിസ്ഗ (മഴ തേടിയുള്ള) പ്രാർഥന നടന്നു. മക്കയിലെ പള്ളിയിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേശകനും മക്ക മേഖലാ ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരന്റെ സാന്നിധ്യത്തിൽ ഇമാം ശൈഖ് ഡോ. അബ്ദുല്ല അവദ് അൽ-ജുഹാനി പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

മദീനയിലെ പ്രവാചക പള്ളിയിലെ പ്രാർഥനയ്ക്ക് ഇമാം ശൈഖ് അബ്ദുൽബാരി അൽ തുബൈത്തി നേതൃത്വം നൽകി. മദീന മേഖലയിലെ ഡെപ്യൂട്ടി ഗവർണർ പ്രിൻസ് സൗദ് ബിൻ ഖാലിദ് അൽ ഫൈസലിന്റെ സാന്നിധ്യത്തിലായിരുന്നു ഇസ്തിസ്ഗ പ്രാർഥന.

നജ്‌റാൻ, ഖസീം, കിഴക്കൻ പ്രവിശ്യ, അസിർ തുടങ്ങി രാജ്യത്തെ മറ്റ് പ്രവിശ്യകളിലും പ്രവാചകന്റെ തിരുസുന്നത്ത് പ്രകാരം ഒട്ടേറെ ആരാധകർ മഴ വർഷിക്കുവാനുള്ള ഇസ്തിസ്ഗ എന്ന പ്രത്യേക പ്രാർഥന നടത്തി. ഇസ്തിസ്ഗ നിസ്കാരം നടത്താനായി സൗദിയിലെ സ്വദേശി-വിദേശി വ്യത്യാസമില്ലാതെ എല്ലാ വിശ്വാസികളോടും കഴിഞ്ഞ ദിവസം സൽമാൻ രാജാവ് ആവശ്യപ്പെട്ടിരുന്നു.