ദുബായ് : താമസസ്ഥലത്ത് ഉച്ചത്തിൽ പാട്ടുവെച്ചതിനെത്തുടർന്ന് സഹതാമസക്കാരനെ ആക്രമിച്ച നേപ്പാൾ സ്വദേശിക്കെതിരേ (36) ദുബായ് പ്രാഥമികകോടതി കുറ്റംചുമത്തി. ദുബായ് ഹോർ അൽ അൻസ് പ്രദേശത്തായിരുന്നു സംഭവം. പുലർച്ചെ മദ്യലഹരിയിലെത്തിയയാൾ മുറിയിൽ കയറി പരമാവധി ഉച്ചത്തിൽ പാട്ട് വെക്കുകയായിരുന്നു. സമയമേറെ കഴിഞ്ഞിട്ടും പാട്ട് നിർത്തുകയോ ഉറങ്ങാൻ ഇയാൾ തയ്യാറാവുകയോ ചെയ്തില്ല. അതോടെ അയാളെ തള്ളിയിട്ടശേഷം മുഖത്തേക്ക് ഇടിക്കുകയായിരുന്നുവെന്ന് നേപ്പാൾ സ്വദേശി കോടതിയിൽ ബോധിപ്പിച്ചു.

ഇടത് കണ്ണിന് സാരമായി പരിക്കേൽക്കുകയും രക്തം വരികയും ചെയ്തതോടെ മറ്റ് താമസക്കാരെത്തി ഇടപെട്ടു. തുടർന്ന് ആംബുലൻസെത്തി പരിക്കേറ്റ യുവാവിനെ ആസ്പത്രിയിലേക്ക് മാറ്റി. യുവാവിന് അഞ്ച് ശതമാനം വൈകല്യം സംഭവിച്ചതായാണ് മെഡിക്കൽ റിപ്പോർട്ട്. ഇടിയുടെ ആഘാതമാണ് കാരണമെന്നും റിപ്പോർട്ടിലുണ്ട്. ദേഹോപദ്രവത്തിനാണ് നേപ്പാൾ സ്വദേശിക്കെതിരേ കുറ്റം ചുമത്തിയിരിക്കുന്നത്. ഡിസംബർ ഏഴിന് കോടതി വിധിപറയും.