ദുബായ് : സൗദി അറേബ്യയിൽ 24 മണിക്കൂറിനിടെ 1453 പേർ കോവിഡ് രോഗമുക്തി നേടി. പുതുതായി 1293 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 14 പേർകൂടി മരിച്ചു. രാജ്യത്താകമാനം പുതുതായി 93,540 കോവിഡ് പരിശോധനകളാണ് നടത്തിയത്. ആകെ കേസുകളുടെ എണ്ണം 5,10,869 ആയി. ഇതിൽ 4,92,149 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,089 ആയി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 316, മക്ക 262, കിഴക്കൻ പ്രവിശ്യ 219, അസീർ 129, ജീസാൻ 79, ഹായിൽ 64, മദീന 62, അൽഖസീം 60, നജ്‌റാൻ 33, അൽബാഹ 25, തബൂക്ക് 22, വടക്കൻ അതിർത്തി മേഖല 17, അൽജൗഫ് അഞ്ച് എന്നിങ്ങനെയാണ്.

യു.എ.ഇയിൽ 1508 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1477 പേർ സുഖം പ്രാപിക്കുകയും രണ്ടു പേർ മരിക്കുകയും ചെയ്തു. പുതിയതായി നടത്തിയ 2,27,582 പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ആകെ 6,62,486 പേർക്ക് യു.എ.ഇയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 6,40,248 പേർ രോഗമുക്തരാവുകയും 1900 പേർ മരിക്കുകയും ചെയ്തു. നിലവിൽ 20,338 രോഗികളാണ് രാജ്യത്തുള്ളത്.