അബുദാബി : മികവുറ്റ അറേബ്യൻ കുതിരയിനത്തിനായുള്ള യു.എ.ഇ. പ്രസിഡന്റ്‌സ് കപ്പ് വേൾഡ് കിരീടം റാസ്മി അൽ ഖാലിദിയയെന്ന അഞ്ചുവയസ്സുള്ള കുതിര സ്വന്തമാക്കി. സ്വീഡനിലെ മാൽമോയിലാണ് മത്സരം നടന്നത്. ജാനുസ്സ് കൊസ്ലോസ്‌കിയുടെ ശിക്ഷണത്തിലാണ് റാസ്മി പരിശീലനം നടത്തുന്നത്. സ്റ്റാർ ജോക്കിയായ പെർ ആൻഡർസ് ഗ്രാബർഗാണ് മത്സരത്തിൽ റാസ്മിയെ നയിച്ചത്. ഒമ്പത് കുതിരകളെ മറികടന്നാണ് കപ്പ് നേടിയത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിൽ അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിലാണ് മത്സരം നടന്നത്. പ്രസിഡന്റ്‌സ് കപ്പ് ജനറൽ സൂപ്പർവൈസർ ഫൈസൽ അൽ റഹ്മാനി, അബുദാബി സ്പോർട്‌സ് കൗൺസിൽ പ്രതിനിധി സായിദ് അൽ മുഹൈരി എന്നിവർ ചേർന്ന് കുതിരയ്ക്ക് ചാമ്പ്യൻപട്ടവും കൊസ്ലോസ്‌കിക്കും ഗ്രാബർഗിനും ട്രോഫികളും സമ്മാനിച്ചു.