അബുദാബി : യു.എ.ഇ-സൗദി അറേബ്യ ബന്ധം സുശക്തമെന്ന് അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ശൈഖ് മുഹമ്മദിനും പ്രതിനിധിസംഘത്തിനും റിയാദിൽ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദ് നൽകിയ സ്വീകരണവേളയിലാണ് ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്. ഇരുഭരണാധികാരികളും ഈദ് ആശംസകൾ നേർന്നു.

ഇരു രാജ്യങ്ങളിലെയും അഭിവൃദ്ധി ലക്ഷ്യമിട്ടുകൊണ്ടുള്ള യോജിച്ചുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുക, മേഖലയിലെയും അറബ് രാജ്യങ്ങൾക്കിടയിലെയും അന്താരാഷ്ട്രതലങ്ങളിലെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, സമാധാനശ്രമങ്ങളെ തകർക്കാനുള്ള പ്രവർത്തനങ്ങളെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക തുടങ്ങിയ കാര്യങ്ങൾ ഇരുവരും ചർച്ചചെയ്തു.