അബുദാബി : കവയിത്രി സുഗതകുമാരിയുടെ സ്മരണാർഥം മലയാളം മിഷൻ അബുദാബി - അൽഐൻ ചാപ്റ്റർ സംഘടിപ്പിച്ച കാവ്യാലാപന മത്സര വിജയികൾക്കുള്ള സുഗതാഞ്ജലി അവാർഡുകൾ സമ്മാനിച്ചു. മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കൺവീനർ വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. അൽഐൻ മേഖലാ പ്രതിനിധി റസ്സൽ മുഹമ്മദ് സാലി ആശംസകൾ നേർന്നു. കോ-ഓർഡിനേറ്റർ സഫറുള്ള പാലപ്പെട്ടി അവാർഡ് സമർപ്പണച്ചടങ്ങിന് നേതൃത്വം നൽകി. മേഖലാതലത്തിൽ വിജയിച്ചവർക്ക് പ്രശസ്തിപത്രവും ഉപഹാരമായി പുസ്തകവും ചാപ്റ്റർതലത്തിൽ വിജയിച്ചവർക്ക് പ്രശസ്തിപത്രവും മെമെന്റോയും സമ്മാനിച്ചു. തുടർന്ന് അവാർഡ്‌ജേതാക്കൾ അവതരിപ്പിച്ച കാവ്യാഞ്ജലി അരങ്ങേറി. കാവ്യസന്ധ്യക്ക് കണിക്കൊന്ന അധ്യാപിക ഭാഗ്യസരിത നേതൃത്വം നൽകി. ബിജിത് കുമാർ സ്വാഗതവും പ്രീത നാരായണൻ നന്ദിയും പറഞ്ഞു.

ആഗോളതലത്തിൽ മലയാളം മിഷൻ കേന്ദ്രനേതൃത്വമാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 106 വിദ്യാർഥികൾ പങ്കെടുത്തു.

മേഖലാതല മത്സരത്തിൽ വിജയികളായ 32 പേരാണ് ചാപ്റ്റർതല മത്സരത്തിൽ മാറ്റുരച്ചത്. ഇതിൽനിന്ന്‌ ഒന്നും രണ്ടും സ്ഥാനംനേടിയവരായിരുന്നു ആഗോളതല മത്സരത്തിൽ പങ്കെടുത്തത്.