ഷാർജ : സാഹിത്യ സാംസ്കാരികരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 2020-ലെ പാം അക്ഷരമുദ്ര പുരസ്കാരം കവിയും വാഗ്മിയുമായ തൃശ്ശൂർ വലപ്പാട് സ്വദേശി മുരളിമംഗലത്തിന്. 34 വർഷമായി യു.എ.ഇ.യിൽ മലയാള അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം നിലവിൽ അജ്മാൻ അൽ അമീർ സ്കൂളിലെ മലയാളം അധ്യാപകനാണ്. കവിതകളും വിവർത്തനങ്ങളും ഉൾപ്പെടെ ഏഴോളം കൃതികളുടെ രചയിതാവാണ്. 'ആദ്യാക്ഷരം', ‘അമ്മുവിന്റെ ഇഷ്ടങ്ങൾ’, ‘പ്രണയ മൊഴികൾ’, ‘ഇത്തിരി തൈരും ഒരു കുബൂസും’ എന്നീ കവിതാ സമാഹാരങ്ങളും ‘ലൈലാ മജ്‌നൂൻ’, ‘ജലത്തിന് പറയാനുള്ളത്’, ‘കലഹിക്കുന്ന വാക്കുകൾ’ എന്നീ വിവർത്തനങ്ങളുമാണ് പ്രസിദ്ധീകരിച്ച കൃതികൾ. മുൻപ് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

പുരസ്കാരം 2021-ലെ പാം സർഗ സംഗമത്തിൽവെച്ച് നൽകുമെന്ന് രക്ഷാധികാരി ഷീലാ പോൾ, പ്രസിഡന്റ് വിജു സി പരവൂർ, സെക്രട്ടറി ജയകുമാർ, വെള്ളിയോടൻ എന്നിവർ അറിയിച്ചു. പ്രവാസി വിദ്യാർഥികളിൽ മലയാള ഭാഷയോടും സംസ്കാരത്തോടുമുള്ള അഭിനിവേശം വളർത്തുന്നതിൽ മുരളി മംഗലത്ത് നിരവധി സേവനങ്ങൾ നൽകിവരുന്നുണ്ട്. ചന്ദ്രശേഖരൻ നായരുടെയും സുശീല സി. നായരുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ശ്രീരാഗ്, നന്ദിത.