ദുബായ് : ബലിപെരുന്നാൾ ആഘോഷിക്കുന്ന ജനതയ്ക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ആശംസകൾ. യു.എ.ഇ.യിലെ ജനങ്ങൾക്കും ലോകത്തിനും അദ്ദേഹം പെരുന്നാൾ ആശംസകൾ നേർന്നു.

എല്ലാവർക്കും നല്ല ആരോഗ്യം, സുരക്ഷ എന്നിവയുണ്ടാകട്ടെയെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസർവ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അറബ് നേതാക്കൾക്ക് ആശംസകൾ കൈമാറി. കുവൈത്ത് അമിർ ശൈഖ് നവാഫ്, ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി, ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ് തുടങ്ങിയവർക്ക് ആശംസകൾ കൈമാറിയതായി യു.എ.ഇ.യുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്തു. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതാമിനും അദ്ദേഹം പെരുന്നാൾ ആശംസകൾ നേർന്നിരുന്നു.

ദുബായ് ഉപഭരണാധികാരി ശൈഖ് മക്തൂം ബിൻ മുഹമ്മദും ആശംസകൾ പങ്കിട്ടു. ഈ പുണ്യദിനത്തിൽ ലോകമെമ്പാടുമുള്ളവർക്ക് ആശംസകൾ നേരുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

ആശംസകളറിയിച്ച് ഒമാൻ ഭരണാധികാരി

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക്, അറബ്, സൗഹൃദ ഇസ്‌ലാമിക രാജ്യങ്ങളിലെ നേതാക്കളുമായി ബലിപെരുന്നാൾ ആശംസകൾ കൈമാറി. ഭരണാധികാരികൾക്ക് ആശംസകൾ നേർന്നതിനോടൊപ്പം ജനങ്ങൾക്കും ഒമാൻ ഭരണാധികാരി തന്റെ സന്ദേശത്തിലൂടെ ആശംസകളറിയിച്ചു. രാജ്യത്തിന് കൂടുതൽ പുരോഗതി നേരുന്നതിനോടൊപ്പം ഭരണം ജനതയുടെ പുരോഗതിക്കും അഭിവൃദ്ധിക്കും കാരണമാവാൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിക്കുന്നുവെന്നും അദ്ദേഹം ആശംസിച്ചു.