ദുബായ് : ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്.) ഗൾഫ് കൗൺസിൽ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സ്ഥാപിക്കുന്ന ഓക്സിജൻ പ്ലാന്റ് സെപ്റ്റംബറിൽ പ്രവർത്തനക്ഷമമാകും. കേരള മുസ്‌ലിം ജമാഅത്തിന്റെ പ്രവാസി ഘടകമായ ഐ.സി.എഫ്. 200 എം.പി.എൽ സംഭരണ ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്.

കോവിഡ് കാലത്തെ രൂക്ഷമായ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ നോർക്ക വഴി പ്രവാസി സംഘടനകളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന അധ്യക്ഷൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ അഭ്യർഥന പ്രകാരമാണ് ഐ.സി.എഫ്. ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുന്നത്. മലപ്പുറം താലൂക്ക് ആശുപത്രിയിൽ നടന്ന ചർച്ചയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ അധ്യക്ഷതവഹിച്ചു.