ദുബായ് : കരഞ്ഞുതീരുകയാണ് നിഷാനയുടെ ജീവിതം. താമസിക്കുന്ന വീടുവിറ്റ് 100 പവൻ സ്വർണം സ്ത്രീധനമായി നൽകിയാണ് വർക്കല നടയറ സ്വദേശി നിഷാന ഹംസ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനകം തന്നെ ഭർത്താവ് ഉപേക്ഷിച്ചു. വീടുമില്ല, സ്വർണവുമില്ല; അതാണ് ഇപ്പോഴത്തെ അവസ്ഥ. വെഞ്ഞാറമൂട് സ്വദേശി റിജാസ് ആണ് ഭർത്താവ്. നിഷാനയുമായുള്ള വിവാഹബന്ധം നിയമപരമായി വേർപ്പടുത്തും മുൻപ് തന്നെ റിജാസ് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്തു.

ദുബായിലെ ചെറിയ ജോലി കൊണ്ടാണ് നിഷാന കുടുംബം പോറ്റുന്നത്. ഹൃദ്രോഗിയായ മാതാവിന് ചികിത്സയ്ക്ക് വകയില്ലാതെ ബുദ്ധിമുട്ടുകയാണ്. അഞ്ച് വയസ്സുള്ള സ്വന്തം മകനെ കാണാൻപോലും റിജാസ് ഇതുവരെ തയാറായിട്ടില്ല. തന്നെ വേണ്ടെങ്കിൽ ഉപേക്ഷിച്ചോളൂ, പക്ഷേ ആ 100 പവൻ സ്വർണം തിരികെ കിട്ടിയാൽ കടം തീർക്കാമെന്നാണ് നിഷാന പറയുന്നത്. സ്ത്രീധനമായി നൽകിയ സ്വർണം തിരികെ കിട്ടാൻ വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പക്ഷേ ഭർത്താവ് രാഷ്ട്രീയ സ്വാധീനത്തിൽ അന്വേഷണം തടസ്സപ്പെടുത്തുകയാണെന്നാണ് പരാതി.

കല്യാണം കഴിഞ്ഞപ്പോൾ മുതൽ ഭർത്താവും വീട്ടുകാരും ക്രൂരമായി മർദിച്ചിരുന്നതായും ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടിരുന്നതായും നിഷാന പറഞ്ഞു.

പക്ഷേ കാര്യമായ സഹായം എവിടെനിന്നും കിട്ടിയില്ല. മകന്റെ വിദ്യാഭ്യാസമോ ഉമ്മയുടെ ചികിത്സയോ മുന്നോട്ടുകൊണ്ട് പോകാൻ കഴിയാതെ പ്രാരബ്ധജീവിതം നയിക്കുകയാണ് ഈ യുവതിയിപ്പോൾ. ആറ്റിങ്ങൽ കോടതിയിലാണ് കേസുള്ളത്.