അജ്‌മാൻ : ബലിപെരുന്നാൾ ദിനത്തിൽ അറക്കാനായി കൊണ്ടുവന്ന കാട്ടുപോത്ത് അക്രമാസക്തമായി മണിക്കൂറുകളോളം ഭീതി സൃഷ്ടിച്ചു. നഗരത്തിലിറങ്ങിയ പോത്ത് ഒട്ടേറെയാളുകളെ പരിക്കേൽപ്പിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്തു. കോതമംഗലം സ്വദേശി നെജി ജെയിംസ് ബലിമൃഗമായി കൊണ്ടുവന്ന പാകിസ്താനിൽ നിന്നുള്ള കാട്ടുപോത്താണ് അക്രമാസക്തമായത്.

കമ്പനിയിലെ തൊഴിലാളികൾക്ക് പെരുന്നാളാഘോഷിക്കാനാണ് 1200 കിലോഭാരമുള്ള പോത്തിനെ കൊണ്ടുവന്നത്. അജ്‌മാൻ ഫാക്ടറിക്കു സമീപം പോത്തിനെ കൊണ്ടുവന്നയുടൻ കുതറി ജനക്കൂട്ടത്തിനിടയിലേക്ക് കുതിക്കുകയായിരുന്നു. ആദ്യം മയക്കുവെടി വെച്ചെങ്കിലും പോത്തിനെ നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ല. അജ്‌മാൻ പോലീസ്, ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്തെത്തിയാണ് പിന്നീട് പോത്തിനെ നിയന്ത്രണത്തിലാക്കിയത്. ക്രെയിൻ ഉപയോഗിച്ചാണ് പോത്തിനെ വാഹനത്തിൽ തളച്ചത്. ഏറെ ജനക്കൂട്ടമുള്ള അജ്‌മാൻ ലക്കിറൗണ്ട് എബൗട്ടിലാണ് പോത്ത് ഭീതി സൃഷ്ടിച്ചത്. 18,000 ദിർഹം വിലകൊടുത്താണ് നെജി ജെയിംസ് പോത്തിനെ കൊണ്ടുവന്നത്. പിന്നീട് പോത്തിനെ കൊന്ന് മാംസമാക്കി തൊഴിലാളികൾക്ക് ദാനംചെയ്തു.