ദുബായ് : മധ്യപൂർവേഷ്യയിൽ വിജയം നേടിയ ഇന്ത്യൻ വ്യവസായ പ്രമുഖരുടെ ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടികയിൽ വീണ്ടും മലയാളിതിളക്കം. ആദ്യ പതിനഞ്ചിലുള്ളത് പത്തും മലയാളികളാണ്. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇത്തവണയും പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. എം.എ. യൂസഫലിക്ക് 8.4 ബില്യൺ ഡോളറാണ് ഫോബ്‌സ് പട്ടിക പ്രകാരം ആസ്തിമൂല്യം. ദിവസം 16 ലക്ഷം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.
ജെംസ് എജുക്കേഷൻ സ്ഥാപകനായ സണ്ണി വർക്കിയാണ് ഫോബ്‌സ് പട്ടികയിൽ മൂന്നാമത്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, യു.എസ്. എന്നിവിടങ്ങളിലെ ജെംസ് എജ്യുക്കേഷന് കീഴിൽ പഠിക്കുന്നത് 1,19,000 ലേറെ വിദ്യാർഥികളാണ്.
പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ആർ.പി ഗ്രൂപ്പ് സ്ഥാപകനായ രവി പിള്ള. 7.8 ബില്യൺ ഡോളറാണ് രവി പിള്ളയുടെ ആസ്തിമൂല്യം കണക്കാക്കിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, വിദ്യാഭ്യാസം എന്നിങ്ങനെ ഗ്രൂപ്പിന് കീഴിൽ ഇന്ന് 20 കമ്പനികളുണ്ട്.
വി.പി.എസ്. ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ഏഴാം സ്ഥാനക്കാരനാണ്. 1.3 ബില്യൺ ഡോളറാണ് ഫോബ്‌സ് പട്ടിക പ്രകാരം ആസ്തിമൂല്യം. നിക്ഷേപ സ്ഥാപനമായ അമാനത് ഹോൾഡിങ്‌സിന്റെ വൈസ് ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.
ഒമ്പതാം സ്ഥാനത്തുള്ളത് വെസ്റ്റേൺ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ കെ.പി ബഷീർ ആണ്. ഫാഷൻ, ഇലക്‌ട്രോണിക്‌സ്, റീട്ടെയിൽ, മേഖലകളിലുടനീളം 14 ബ്രാൻഡുകളാണ് വെസ്റ്റേൺ ഇന്റർനാഷണലിന് കീഴിലുള്ളത്. ജീപാസ് മുൻനിര ബ്രാൻഡുകളിലൊന്നാണ്. നെസ്റ്റോ സൂപ്പർമാർക്കറ്റ് ശൃംഖലയിൽ 85 ഔട്ട്‌ലെറ്റുകളുണ്ട്.
ശോഭാ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പി.എൻ.സി. മേനോൻ പട്ടികയിൽ പത്താമതാണ്. 2019-ൽ ദുബായ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സിറ്റിയിൽ നാല് ബില്യൺ ഡോളർ മുതൽമുടക്കിൽ ശോഭ ഹാർട്ട്‌ലാൻഡ് പദ്ധതി പുറത്തിറക്കി. ദുബായ് അൽ ഫത്താൻ ക്രിസ്റ്റൽ ടവർ, അബുദാബി ഖസ്ർ അൽ സരബ് ഡെസേർട്ട് റിസോർട്ട് തുടങ്ങിയവയാണ് പ്രധാനപദ്ധതികൾ.
തുംബൈ ഗ്രൂപ്പിന്റെ ഫൗണ്ടർ പ്രസിഡന്റായ തുംബൈ മൊയ്തീൻ ആണ് ഫോബ്‌സ് മിഡിൽ ഈസ്റ്റ് ലിസ്റ്റിലെ പതിനൊന്നാമൻ. 1998-ൽ ആണ് തുംബൈ ഗ്രൂപ്പിന്റെ തുടക്കം. 272 മില്യൺ ഡോളർ ചെലവിൽ നിർമിച്ച അജ്മാൻ തുംബൈ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന് പ്രതിദിനം 20,000 ത്തിലേറെ രോഗികൾക്ക് ചികിത്സ നൽകാനാവും.
ലുലു ഫിനാൻഷ്യൽ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പട്ടികയിൽ പന്ത്രണ്ടാമനാണ്. 10 രാജ്യങ്ങളിലായി 225-ഓളം ലുലു എക്‌സ്‌ചേഞ്ച് ശാഖകളുണ്ട്. ട്വിന്റി14 ഹോൾഡിങ്‌സ്, റീട്ടെയിൽ എഫ് ആൻഡ് ബി കമ്പനിയായ ടേബിൾസ് തലവനുമാണ് അദീബ് അഹമ്മദ്.
കെ.എഫ്.ഇ. ഹോൾഡിങ്‌സ് സ്ഥാപകനും ചെയർമാനുമാണ് ഫൈസൽ കൊട്ടികോളൻ. ഇൻവെസ്റ്റ്‌മെന്റ് കമ്പനിയാണ് കെ.എഫ്.ഇ. പട്ടികയിൽ 13-ാമനാണ് ഫൈസൽ. നിക്ഷേപങ്ങൾക്ക് പുറമേ ആരോഗ്യവികസനം, അടിസ്ഥാനസൗകര്യങ്ങളിലും ഗ്രൂപ്പ് പ്രവർത്തിക്കുന്നു.
ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേശ് രാമകൃഷ്ണനാണ് പട്ടികയിൽ 14-ാമത്. ലോജിസ്റ്റിക്സ് മേഖലയിലെ വമ്പൻമാരാണ് ട്രാൻസ് വേൾഡ് ഗ്രൂപ്പ്. 1989 മുതൽ രമേശ് രാമകൃഷ്ണനാണ് ഗ്രൂപ്പ് ചെയർമാൻ. 2019-ൽ 875 മില്യൺ ഡോളറായിരുന്നു ഗ്രൂപ്പിന്റെ വരുമാനം. 20 രാജ്യങ്ങളിൽ പ്രവർത്തനമുണ്ട്.
10 പേരെ കൂടാതെ ഇറാം ഗ്രൂപ്പ് ചെയർമാൻ സിദ്ദീഖ് അഹ്മദ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഇന്റർനാഷണൽ ഓപ്പറേഷൻ ഡയറക്ടർ ഷംലാൽ അഹ്മദ്, എയറോലിങ്ക് ഗ്രൂപ്പിന്റെ അനിൽ ജി. പിള്ള, കിങ്സ്റ്റൺ ഹോൾഡിങ്‌സിന്റെ ലാലു സാമുവൽ എന്നിവരും ഫോബ്‌സ് പുറത്തിറക്കിയ ആദ്യ മുപ്പതു പേരുടെ പട്ടികയിലുണ്ട്. എട്ട് ശതകോടീശ്വരന്മാരാണ് മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായികളിലുള്ളതെന്ന് ഫോബ്‌സ് പുറത്തുവിട്ട പട്ടിക വ്യക്തമാക്കുന്നു. പട്ടികയിലെ 30 പേരും യു.എ.ഇ. ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ്. ചില്ലറവിൽപ്പന, വ്യവസായം, ആരോഗ്യ സേവനം, ബാങ്കിങ്, ധനകാര്യം തുടങ്ങി വിവിധമേഖലകളിൽ നിന്നുള്ള ബിസിനസ് നേതാക്കൾ 2021-ലെ ഫോബ്‌സ്‌പട്ടികയിൽ ഉൾപ്പെടുന്നു.
എം.എ. യൂസഫലി, സണ്ണി വർക്കി, രവി പിള്ള, ഷംഷീർ വയലിൽ, കെ.പി. ബഷീർ, പി.എൻ.സി. മേനോൻ, തുംബൈ മൊയ്തീൻ, അദീബ് അഹമ്മദ്, ഫൈസൽ കൊട്ടികോളൻ, രമേഷ് രാമകൃഷ്ണൻ