കറൻസിവിനിമയം കുറഞ്ഞ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി മുൻനിർത്തിയാണ് ആർ.ബി.ഐ. മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്
മുംബൈ : രാജ്യത്തെ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിന്റെ സുരക്ഷ വിപുലമാക്കുക ലക്ഷ്യമിട്ട് റിസർവ് ബാങ്ക് വിശദമായ മാർഗരേഖ പുറത്തിറക്കി. ഡിജിറ്റൽ ഇടപാടുകളുടെ നിയന്ത്രണം, പേമെന്റ് ഗേറ്റ്‌വേകൾ, വാലറ്റുകൾ, ബാങ്കുകൾ, ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾ. തേർഡ് പാർട്ടി ആപ്പുകൾ എന്നിവയെ എല്ലാം ഉൾക്കൊള്ളിച്ചുള്ള സമഗ്രമായ നിർദേശങ്ങളാണ് ഇതിലുള്ളത്. കറൻസിവിനിമയം കുറഞ്ഞ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതി മുൻനിർത്തിയാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.
ഡിജിറ്റൽ ഇടപാടുകൾ വലിയ അളവിൽ കൂടിയതിനൊപ്പം ഇതുമായി ബന്ധപ്പെട്ട പരാതികളും ഉയർന്നിട്ടുണ്ട്. ഇടപാടുകളിലെ തടസ്സങ്ങളും തട്ടിപ്പുകളും വിവരങ്ങളിലുള്ള കടന്നുകയറ്റവുമെല്ലാം ഇതിലുൾപ്പെടുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് പുതിയ നിയമാവലി എത്തുന്നത്.
വാണിജ്യബാങ്കുകൾ, ചെറുബാങ്കുകൾ, പേമെന്റ് ബാങ്കുകൾ, ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ, ഗൂഗിൾ പേ, വാട്‌സാപ്പ് പേ, ഫോൺ പേ, പോലുള്ള തേർഡ് പാർട്ടി ആപ്പുകൾ എന്നിവയ്ക്കെല്ലാം നിർദേശങ്ങൾ ബാധകമായിരിക്കും. ബാങ്കുൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് തേർഡ് പാർട്ടി ആപ്പുകൾ, മൊബൈൽ ആപ്ലിക്കേഷൻ, പേമെന്റ് ഓപ്പറേറ്റർമാർ, ഗേറ്റ്‌വേകൾ എന്നിവയുമായി ചേർന്നു പ്രവർത്തിക്കുന്നതിനും വ്യക്തമായ മാനദണ്ഡങ്ങൾ ഇതിൽ നിർദേശിക്കുന്നു.
ആറുമാസത്തിനകം ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇവ നടപ്പാക്കണമെന്നാണ് ആർ.ബി.ഐ. നിർദേശം. ഇതിലെ നിർദേശമനുസരിച്ച് പേമെന്റ് ഓപ്പറേറ്റർ അല്ലെങ്കിൽ ബാങ്കുകൾ 24 മണിക്കൂറിനകം ഡിജിറ്റൽ ഇടപാടുകൾ പൂർണമാക്കിയിരിക്കണം.