അബുദാബി : നഗരത്തിലെ തിരക്കേറിയ പാതയിൽ അപകടകരമാം വിധം വാഹനമോടിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് അബുദാബി പോലീസ്. ഗതാഗത ബോധവത്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങളോട് 'നിങ്ങളുടെ അഭിപ്രായം അറിയിക്കൂ' എന്ന ഹാഷ്്‌ടാഗോടെയാണ് പോലീസ് ഇത് പങ്കുവെച്ചത്.
ഹൈവേയിൽ അടിയന്തരവാഹനങ്ങൾക്ക് മാറ്റിവെച്ച 'ഹാർഡ്ഷോൾഡറിൽ' പെട്ടന്ന് നിർത്തിയ വാഹനം പിറകോട്ടെടുത്ത് ദിശമാറി ട്രാക്ക് മുറിച്ചുകടക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റ് ട്രാക്കുകളിലെല്ലാം വാഹനങ്ങൾ വരുന്നുണ്ടെങ്കിലും അതിവേഗത്തിൽ തെറ്റായ രീതിയിൽ മുറിച്ചുകടക്കുകയും ചെയ്യുന്നു.
2019-ൽ 894 ഗുരുതര അപകടങ്ങളാണ് അശ്രദ്ധമായ വാഹനമോടിക്കലിനെത്തുടർന്ന് അബുദാബിയിൽ ഉണ്ടായതെന്ന് പോലീസ് അറിയിച്ചു. 66 പേരാണ് ഇതേത്തുടർന്ന് മരിച്ചത്. ഗുരുതര ഗതാഗത നിയമലംഘനങ്ങൾക്കും അശ്രദ്ധമായ വാഹനമോടിക്കലിനും 50,000 ദിർഹംവരെയാണ് പിഴയെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.