അബുദാബി : അന്താരാഷ്ട്ര പ്രതിരോധപ്രദർശനത്തിന് (ഐഡെക്സ്, നവെഡെക്സ് 2021) ഞായറാഴ്ച തുടക്കമാവും. അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് പ്രദർശനവും സമ്മേളനവും നടക്കുക. ഇതിനോടുചേർന്നുള്ള കനാലിൽ നാവികരംഗത്തെ പുതിയ കാഴ്ചകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പടക്കപ്പലുകളുടെ പ്രദർശനവും നടക്കും.
പ്രതിരോധരംഗങ്ങളിലെ ഏറ്റവുംപുതിയ കണ്ടെത്തലുകൾ, ആശയങ്ങൾ എന്നിവയാണ് ഫെബ്രുവരി 25 വരെ നടക്കുന്ന പ്രദർശനത്തിൽ അവതരിപ്പിക്കുക. നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന പടക്കോപ്പുകൾ, ശത്രുപാളയങ്ങളെ ചാമ്പലാക്കുന്ന വെള്ളത്തിലും കരയിലും ആകാശത്തിലും ഉപയോഗിക്കാവുന്ന സ്വയംനിയന്ത്രിത വാഹനങ്ങൾ എന്നിവയെല്ലാം സന്ദർശകർക്ക് നേരിട്ടുകാണാൻ കഴിയും. യു.എ.ഇ.യിൽ ഏറ്റവുമധികം തുകയുടെ പ്രതിരോധ ഉടമ്പടികൾ ഒപ്പുവെക്കപ്പെടുന്ന വേദികൂടിയാണിത്.
പടക്കോപ്പുകളിലെ ഏറ്റവുംനൂതന കണ്ടെത്തലുകളാണ് ഓരോ വർഷവും പ്രതിരോധപ്രദർശനത്തെ വേറിട്ടതാക്കുന്നത്. കുഞ്ഞൻ കൈത്തോക്കുകൾമുതൽ ട്രക്കുകൾ വഹിക്കുന്ന മിസൈലുകൾവരെ ഇതിലുൾപ്പെടും. അന്തർവാഹിനികൾ, മിസൈൽ ബോട്ടുകൾ, പട്രോൾ ബോട്ടുകൾ, യുദ്ധരംഗങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, പാദരക്ഷകൾ, ഹെൽമെറ്റുകൾ, കയ്യുറകൾ തുടങ്ങിയെല്ലാം പ്രദർശനത്തിലെ കാഴ്ചകളാണെന്ന് ഔദ്യോഗിക വക്താവ് കേണൽ ഫാഹദ് നാസർ സൈഫ് അൽ തെഹ്‌ലി പറഞ്ഞു.
പ്രതിരോധമേഖലയിൽ പ്രവർത്തിക്കുന്ന 70-ഓളം സ്വദേശിസ്ഥാപനങ്ങളും 17-ഓളം വിദേശരാജ്യങ്ങളിൽനിന്നുള്ള സ്ഥാപനങ്ങളും ഇതിന്റെ ഭാഗമാകും. യുദ്ധമുഖത്ത് ഉപയോഗിക്കുക സ്ഫോടനങ്ങളെവരെ ചെറുക്കുന്ന ഫോർ വീൽ, സിക്സ് വീൽ വാഹനങ്ങളുടെ വലിയ നിരയും പോലീസ്-അഗ്നിശമനസേനയ്ക്ക് ആവശ്യമായ ഉപകരണങ്ങളും പ്രദർശനത്തിൽ ഉൾപ്പെടും.
കർശന സുരക്ഷാവ്യവസ്ഥകളോടെയാണ് ഇത്തവണ പ്രദർശനം നടത്തുന്നത്. ഓൺലൈനായി രജിസ്റ്റർചെയ്തവർക്കുമാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. ആർ.ടി.പി.സി.ആർ. ഫലവും ഇതിനൊപ്പം നിർബന്ധമാണ്. വേദികളുടെ പ്രത്യേകതകൾക്കനുസരിച്ച് ആർ.ടി.പി.സി.ആർ. ഫലത്തിന്റെ കാലാവധിയിൽ വ്യത്യാസമുണ്ടായിരിക്കും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പ്രദർശനം.