അബുദാബി : യു.എ.ഇ. ലഭ്യമാക്കുന്നത് ആഗോളതലത്തിലെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ വാക്സിനുകളാണെന്ന് ആരോഗ്യവകുപ്പ് വക്താവ് ഡോ. ഫരീദ അൽ ഹൊസാനി അറിയിച്ചു. അബുദാബി പൊതുആരോഗ്യകേന്ദ്രം കോവിഡിനെതിരേയുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കാൻ വേണ്ടി വിളിച്ചുചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ഫരീദ.

വൈറസിനെ പിടിച്ചുകെട്ടുന്നതിലുള്ള സുപ്രധാന നീക്കങ്ങളാണ് യു.എ.ഇ. നടത്തിവരുന്നത്. ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ സ്വകാര്യ-സർക്കാർ മേഖലകൾക്ക് നിർണായക പങ്കാണുള്ളത്. വ്യക്തികളും സംവിധാനങ്ങളും തമ്മിലുള്ള പങ്കാളിത്തവും പ്രധാപ്പെട്ടതാണ്. കോവിഡ് ജന ജീവിതത്തെ വളരെയധികം മാറ്റിക്കഴിഞ്ഞു. ശീലങ്ങളും പിന്തുടർന്നുവന്ന രീതികളും മാറ്റേണ്ടിവന്നു. ആരോഗ്യകരമായ ജീവിതരീതി പിന്തുടരേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഏവരും ബോധവാന്മാരായിക്കണം. കുട്ടികളെയും യുവാക്കളെയും ആ രീതിയിലേക്ക് മാറ്റുന്നതിൽ കുടുംബങ്ങൾക്ക് വലിയ പങ്കാണുള്ളതെന്നും ഡോക്ടർ പറഞ്ഞു.

കോവിഡിനെ നേരിടുന്നതിൽ യു.എ.ഇ. പിന്തുടർന്ന രീതി വിജയകരമാണെന്ന് ജസ്റ്റിസ് ഡോ. സായിദ് അലി ബഹ്ബു അൽ നഖ്‌വി പറഞ്ഞു. വൈറസ് വ്യാപനം തടയുന്നതിനും ആരോഗ്യകരമായ ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനും മുഴുവൻ ആളുകളും കോവിഡ് വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും നഖ്‌വി വ്യക്തമാക്കി.