അബുദാബി : മോട്ടോർ സൈക്കിളുകളിൽ ഡെലിവറി നടത്തുന്നവരുടെ സുരക്ഷയുറപ്പാക്കാൻ പദ്ധതിയുമായി അബുദാബി പോലീസ്. ഭക്ഷണവിതരണ ശൃംഖലയായ തലാബതും മുനിസിപ്പാലിറ്റി സമഗ്ര ഗതാഗത കേന്ദ്രവുമായി സഹകരിച്ചാണ് റൈഡർമാർക്ക് ബോധവത്കരണം നടത്തുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ 20 മോട്ടോർസൈക്കിൾ റൈഡർമാർ പങ്കെടുത്തു. തിരക്കുപിടിച്ച ഓട്ടത്തിൽ സംഭവിച്ചേക്കാവുന്ന പിഴവുകളെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും പോലീസ് വിശദമാക്കി.

ഭക്ഷണം പുറത്തുനിന്ന് ഓർഡർ ചെയ്തുകഴിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ വിതരണരംഗങ്ങളിൽ കൂടുതൽപ്പേർക്ക് തൊഴിലും ലഭ്യമാക്കാനായിട്ടുണ്ട്. സമയബന്ധിതമായി വിതരണം നടത്താനുള്ള തത്രപ്പാച്ചിലിൽ അപകടങ്ങൾക്കും സാധ്യതയേറെയാണ്. ഡെലിവറി റൈഡർമാരുടെ സുരക്ഷയുറപ്പാക്കാൻ കഴിഞ്ഞാൽ ഗതാഗത സംവിധാനങ്ങൾക്ക് കൂടുതൽ കാര്യക്ഷമത കൈവരിക്കാൻ കഴിയുമെന്ന് അബുദാബി പോലീസ് ഗതാഗതവകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ദഹി അൽ ഹമിരി പറഞ്ഞു. മോട്ടോർസൈക്കിൾ ഉപയോഗിക്കുന്നവരുടെ ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും. റൈഡർമാർ ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കാൻ തയാറാവണമെന്നും പോലീസ് മേധാവി അറിയിച്ചു.