ദുബായ് : പണം കൊള്ളയടിക്കാൻ പല രീതികൾ സ്വീകരിക്കുന്നവരുണ്ടെന്നും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. പണം നഷ്ടപ്പെടാതിരിക്കാൻ സ്വയം സുരക്ഷിതരാകുകയാണ് പ്രധാനം. ധനവിനിമയ സ്ഥാപനങ്ങളിലെ ഇടപാടുകാരെയാണ് തട്ടിപ്പുസംഘം പ്രധാനമായും നോട്ടമിടുന്നത്.

പണം നിക്ഷേപിക്കാൻ പോകുന്നവരെയും പണമെടുത്ത് വരുന്നവരെയും പ്രധാനമായും മൂന്നുതരം കവർച്ചാരീതികൾ അവലംബിച്ചാണ് തട്ടിപ്പിനിരയാക്കുന്നതെന്ന് പോലീസ് അറിയിച്ചു. മൂന്നിലധികം ആളുകളുടെ കൂട്ടംചേർന്ന് പണം തട്ടിയെടുക്കുന്ന രീതിയാണ് പൊതുവേ കണ്ടുവരുന്നത്. ശരീരത്തിൽ തുപ്പിയതിനുശേഷം ക്ഷമ ചോദിച്ചുകൊണ്ട് ഉടുപ്പ് വൃത്തിയാക്കിക്കൊടുക്കുമ്പോൾ അടുത്തയാൾ പണം തട്ടിയെടുക്കുന്ന രീതിയാണ്. അല്ലെങ്കിൽ ശ്രദ്ധ മാറ്റാനായി ശരീരത്തിലേക്ക് എന്തെങ്കിലും സാധനങ്ങൾ വലിച്ചെറിയും. കാൽതട്ടി വീഴ്ത്തി എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും അതിനിടയിൽ പണം തട്ടിയെടുക്കുകയും ചെയ്തേക്കാം. ഇത്തരത്തിൽ പലതരംമാർഗങ്ങൾ തട്ടിപ്പുസംഘം പ്രയോഗിക്കുന്നത് ശ്രദ്ധിച്ചുവേണം പണവുമായി യാത്രചെയ്യാനെന്നും പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നു.

ദുബായ് നൈഫ്, ദേര മാർക്കറ്റിൽ രണ്ടുവർഷത്തിനിടയിൽ 87 ശതമാനം കവർച്ചയും തടയാൻ സാധിച്ചിട്ടുണ്ടെന്നും ദുബായ് പോലീസ് പറഞ്ഞു.