കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശികൾക്ക്‌ നിബന്ധനകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് വിസകൾ അനുവദിക്കുമെന്ന് കുടിയേറ്റവിഭാഗം.

ആർട്ടിക്കിൾ 22 പ്രകാരം കുടുംബസന്ദർശന വിസ, കൂടാതെ ആർട്ടിക്കിൾ 14 പ്രകാരം ടൂറിസ്റ്റ്, വാണിജ്യ വിസകളും അനുവദിക്കും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ചിലവിഭാഗം വിദേശികൾക്ക്‌ മന്ത്രിസഭാസമിതിയുടെ നിർദേശമനുസരിച്ച്‌ വിസ നൽകുന്നതാണെന്ന് പ്രാദേശികദിനപത്രം റിപ്പോർട്ട്‌ ചെയ്യുന്നു.

പ്രത്യേകവിഭാഗങ്ങളിലുള്ള വിദേശികൾക്ക്‌ കുവൈത്ത് റെസിഡൻറ്‌സ് അഫയേഴ്സ് ഡിപ്പാർട്ടുമെന്റ് സന്ദർശനം, വാണിജ്യവിസകൾക്ക്‌ പുറമേ ആശ്രിതവിസകളും നൽകിത്തുടങ്ങിയതായി പ്രാദേശികപത്രം റിപ്പോർട്ട്ചെയ്തു.

ആരോഗ്യപ്രതിരോധമന്ത്രാലയങ്ങൾ, ദേശീയസേന, നാഷണൽ പെട്രോളിയം കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ, കൂടാതെ വനിതാ ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കും 16 വയസ്സിനുതാഴെയുള്ള അവരുടെ കുട്ടികളെ കൊണ്ടുവരുന്നതിനും ആശ്രിതവിസ അനുവദിക്കും.

ഡോക്ടർമാർക്കും നഴ്സുമാർക്കും ഭർത്താക്കന്മാരെ വിസിറ്റ് വിസയിൽ കൊണ്ടുവരുന്നതിന്‌ സന്ദർശനവിസ റെസിഡൻറ്‌സ് പെർമിറ്റായി മാറ്റില്ലെന്ന നിബന്ധനയോടെ അനുവദിക്കും.

ഡോക്ടർ, നഴ്സ് എന്നിവരൊഴികെയുള്ള വനിതാ മെഡിക്കൽ സ്റ്റാഫിന് അവരുടെ ഭർത്താക്കന്മാരെയും മക്കളെയും സന്ദർശന വിസയിൽ കൊണ്ടുവരുന്നതിനും അനുമതിനൽകും.

വ്യവസ്ഥകൾക്ക്‌ വിധേയമായി ആരോഗ്യമന്ത്രാലയ ജീവനക്കാർക്ക് സന്ദർശനവിസയിൽനിന്നും കുടുംബ-ആശ്രിത വിസയിലേക്ക് മാറാൻ അനുമതിനൽകുന്നതിനും തീരുമാനിച്ചു.