അബുദാബി : ബസ് സ്റ്റോപ്പുകളിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്താൽ 2000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. പൊതു ഗതാഗത അടിസ്ഥാന സൗകര്യങ്ങൾക്കായി നൽകിയ മേഖലകൾ കൈവശപ്പെടുത്തരുതെന്നും അബുദബി മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിന് കീഴിലെ സംയോജിത ഗതാഗതകേന്ദ്രവും അറിയിച്ചു. പൊതുഗതാഗത ബസ് സ്റ്റോപ്പുകളിൽ മറ്റുവാഹനങ്ങൾ തമ്പടിക്കുന്നത് അപകടങ്ങൾക്കും ബസ് യാത്രാ തടസ്സങ്ങൾക്കും കാലതാമസത്തിനും കാരണമാകുന്നുണ്ട് .

സ്വകാര്യ വാഹനങ്ങളുടെ തെറ്റായ പ്രവണതകളും പെരുമാറ്റങ്ങളും കണ്ടെത്താനും നിയന്ത്രിക്കാനും നിരീക്ഷണ ക്യാമറകളും ആധുനിക സാങ്കേതികവിദ്യകളും സ്ഥാപിച്ചതായും, പിഴ ചുമത്തപ്പെടുന്നത് ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.