ദുബായ് : കാർ പാർക്കിങ് ഫീസ് ദുബായിൽ ഇനിമുതൽ വാട്‌സാപ്പ് വഴിയും അടയ്ക്കാം. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന ഈ സംവിധാനം പരീക്ഷണഘട്ടത്തിലാണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ നടപ്പാക്കുമെന്നും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പാർക്കിങ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടർ അഹമ്മദ് മഹബൗബ് അറിയിച്ചു.

പാർക്കിങ് ഫീസ് അടയ്ക്കാനായി വാട്‌സാപ്പ് വഴി സന്ദേശമെത്തും. എസ്.എം.എസ്. വഴി സന്ദേശമെത്തി പണമടയ്ക്കുന്ന രീതി തന്നെയായിരിക്കും വാട്‌സാപ്പ് വഴിയും നടപ്പാക്കുക. ഇതിലൂടെ പാർക്കിങ് ഫീസ് നൽകാനായി ടെലികോം സേവനദാതാക്കൾക്ക് 30 ഫിൽസ് അധികമായി നൽകേണ്ടതില്ല. പാർക്കിങ് സൗകര്യത്തിനായി സ്മാർട്ട് മാപ്പ് രൂപപ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആർ.ടി.എ.