അബുദാബി : പ്രമേഹരോഗ ബോധവത്കരണവുമായി അബുദാബി പോലീസ്. ‘വി വാക്ക് പ്രിവെൻഷൻ’ എന്നപേരിൽ ആരോഗ്യകരമായ ജീവിതരീതി പിന്തുടരേണ്ടുന്നതിന്റെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പോലീസ്. പ്രമേഹരോഗം പിടിപെടുന്നത് എങ്ങനെയെല്ലാം ഒഴിവാക്കാം, രോഗബാധിതർ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ, വ്യായാമമുറകൾ, ചികിത്സാരീതികൾ എന്നിവയെക്കുറിച്ചെല്ലാം പോലീസ് വിവിധ മാധ്യമങ്ങളിലൂടെ വിശദമാക്കി. സായിദ് സ്പോർട്‌സ് സിറ്റി സെന്ററിൽ നടന്ന പരിപാടികൾക്ക് അൽ റവ്ദ പോലീസ് സ്റ്റേഷൻ നേതൃത്വം നൽകി.

ലോകപ്രമേഹദിനാചരണത്തിന്റെ ഭാഗമായി പൊതുജനങ്ങളുടെ ക്ഷേമം മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് അൽ റവ്ദ പോലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ താരിഷ് മുഹമ്മദ് അൽകാബി പറഞ്ഞു. കുട്ടികളും മുതിർന്നവരും പദ്ധതിയുടെ ഭാഗമായി.