ദുബായ് : എമിറേറ്റിലെ റെസ്റ്റോറന്റുകൾക്ക് അന്താരാഷ്ട്ര റേറ്റിങ് സംവിധാനമായ സ്റ്റാർ റേറ്റിങ് ഏർപ്പെടുത്താൻ ഒരുങ്ങുന്നു. ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ആഗോള റേറ്റിങ് സംവിധാനമാണ് ദുബായ് സ്റ്റാർ. റെസ്റ്റോറന്റുകൾ ഭക്ഷ്യ സുരക്ഷയുടെ ആവശ്യകതകൾ എത്രത്തോളം പാലിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും റേറ്റിങ് നൽകുക.

എക്‌സ്‌പോ 2020 ദുബായ് ഇന്റർനാഷണൽ ഫുഡ് സേഫ്റ്റി കോൺഫറൻസിന്റെ ഉദ്ഘാടന ചടങ്ങിലാണ് ദുബായ് സ്പോർട്‌സ് കൗൺസിൽ ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പുതിയ സംരംഭം അനാച്ഛാദനം ചെയ്തത്.

ശൈഖ് ഹംദാനെ നേരിൽക്കണ്ട സന്തോഷത്തിൽ വിദ്യാർഥിനികൾ

ദുബായ് : എക്സ്‌പോ 2020 വേദിയിൽ അപ്രതീക്ഷിതമായി ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ കാണാനായതിന്റെ സന്തോഷത്തിലാണ് ആലിയ സ്കൂൾ വിദ്യാർഥിനികൾ.

എക്സ്‌പോ സന്ദർശനത്തിനെത്തിയ വിദ്യാർഥിനികളോട് വിശേഷങ്ങൾ അന്വേഷിക്കാനും ഒപ്പം ഫോട്ടോയെടുക്കാനും ശൈഖ് ഹംദാൻ തയ്യാറായി.

പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള ഒരുലക്ഷം വിദ്യാർഥികൾ ഇതുവരെ എക്സ്‌പോയിൽ സന്ദർശനം നടത്തി. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രിയും എമിറേറ്റ്‌സ് സ്കൂൾ എസ്റ്റാബ്ലിഷ്‌മെന്റ് ചെയർമാനുമായ ജമീല ബിൻത് സലിം അൽ മുഹൈരിയുടെ നേതൃത്വത്തിൽ 400 വിദ്യാർഥികൾ എക്സ്‌പോക്കെത്തി. വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്.