ഷാർജ : യു.എ.ഇ. യിലെ വലിയ ജനാധിപത്യ സംഘടനയായ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതിയെ തിരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്.

നവംബർ 26-ന് വെള്ളിയാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ നാമനിർദേശ പത്രികാ സമർപ്പണം വ്യാഴാഴ്ച രാത്രിയോടെ പൂർത്തിയായി. വെള്ളിയാഴ്ച പലരും പത്രിക പിൻവലിക്കുന്നതോടെ രാത്രിയോടെ മത്സര രംഗത്തുള്ളവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കും.

പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഖജാൻജി എന്നീ പ്രധാന ഭാരവാഹികളേയും മൂന്ന് സഹ ഭാരവാഹികളേയും ഒരു ഓഡിറ്ററേയും തിരഞ്ഞെടുക്കുന്നതുകൂടാതെ ഏഴ് മാനേജിങ് കമ്മിറ്റി അംഗങ്ങളേയും വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കണം.

ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ മുന്നണിയ്ക്ക് മൂന്നുപേരെ കോപ്റ്റ് ചെയ്യാം, കൂടാതെ പ്രസിഡന്റിന് ഇഷ്ടമുള്ള ഒരാളേയും ഭരണസമിതി അംഗമായി നിയമിക്കാം.

ഒരു വർഷമാണ് തിരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതിയുടെ കാലാവധിയെങ്കിലും കോവിഡ് കാരണം കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലും തിരഞ്ഞെടുപ്പ് നീണ്ടുപോവുകയായിരുന്നു.

2020 ജനുവരി 17 - നാണ് ഇതിനുമുൻപ് തിരഞ്ഞെടുപ്പ് നടന്നത്. വിശാല ജനകീയ മുന്നണി വലിയ വിജയം നേടി ഇ.പി. ജോൺസന്റെ നേതൃത്വത്തിൽ ഭരണം തുടരുകയായിരുന്നു. എന്നാൽ പുതിയ തിരഞ്ഞെടുപ്പിൽ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളിലും അടിമുടി മാറ്റമുണ്ടാകുമെന്നറിയുന്നു. 13 പ്രാവശ്യം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്, മൂന്നുപ്രാവശ്യം ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ച ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം വീണ്ടും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കുന്നുണ്ട്.