ദുബായ് : അഞ്ചുദിനം നീണ്ടുനിന്ന ആകാശവിസ്മയ കാഴ്ചകളൊരുക്കിയ ദുബായ് എയർഷോ വ്യാഴാഴ്ച സമാപിച്ചു. കോവിഡ് മഹാമാരിക്കുശേഷം നടന്ന ലോകത്തിലെ ഏറ്റവുംവലിയ വ്യോമയാന പരിപാടിയായിരുന്നു ദുബായ് എയർഷോ. 28,600 കോടി ദിർഹം മൂല്യമുള്ള വാണിജ്യ പ്രതിരോധകരാറുകളാണ് എയർഷോക്കിടെ ഒപ്പുവെക്കപ്പെട്ടത്. മുൻപതിപ്പിന്റെ ആകെ തുകയെക്കാൾ ഇരട്ടിയാണിത്. 2019-ൽ നടന്ന എയർഷോയിൽ 18360 കോടി ദിർഹത്തിന്റെ കരാറുകളായിരുന്നു ഉറപ്പിച്ചത്.

നവംബർ 14 മുതൽ 18 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന എയർഷോ 2021 എക്കാലത്തെയും ഏറ്റവും വലിയ ഷോയായാണ് കണക്കാക്കപ്പെടുന്നത്. 371 പുതിയ കമ്പനികളും 1200 പ്രദർശകരുമാണ് പങ്കെടുത്തത്. 148-ഓളം രാജ്യങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഇതിൽ 13 രാജ്യങ്ങൾ ആദ്യമായാണ് എയർഷോയുടെ ഭാഗമാവുന്നത് എന്ന പ്രത്യേകതയുമുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും നൂതനമായ 160-ലേറെ വിമാനങ്ങൾ ഷോയിൽ അവതരിപ്പിക്കപ്പെട്ടു. യൂറോപ്യൻ എയ്‌റോസ്‌പേസ് ഭീമൻ എയർബസ് 408-ഓളം എയർക്രാഫ്റ്റ് ഓർഡറുകളുമായി ഷോയിൽ ആധിപത്യം ഉറപ്പിച്ചു.

എയർഷോയുടെ ഉദ്ഘാടനദിനംതന്നെ ഇൻഡിഗോ പാർട്‌ണേഴ്‌സ് പോർട്ട്‌ഫോളിയോ എയർലൈൻസ് 12100 കോടി ദിർഹം വിലമതിക്കുന്ന 255 എയർബസ് എ 321 നിയോ ഫാമിലി എയർക്രാഫ്റ്റുകൾക്ക് ഓർഡർ നൽകി. അഞ്ച് ദിവസം നീണ്ടുനിന്ന എയർഷോയിലെ ഏറ്റവും വലിയ കരാറായിരുന്നു ഇത്. യു.എസ്. ആസ്ഥാനമായുള്ള എയർ ലീസ് കോർപ്പറേഷൻ 5500 കോടി ദിർഹം വിലമതിക്കുന്ന പുതിയ എ 350 ഫ്രൈറ്റർ ഉൾപ്പെടെ എയർബസ് വിമാനശ്രേണിയിലേക്ക് 111 വിമാനങ്ങൾക്കായുള്ള കരാറിൽ ഒപ്പുവെച്ചു. മൂന്നാം ദിനം ജസീറാ എയർവേയ്‌സ് 28 എ 321 നിയോസ്, 10 എ 220 വിമാനങ്ങൾക്ക് ഓർഡർ നൽകി. ഇന്ത്യയുടെ ആകാശ എയറുമായുള്ള 3300 കോടി ദിർഹത്തിന്റെ മെഗാ കരാർ ഉൾപ്പെടെ യു.എസ്. വിമാനനിർമാതാക്കളായ ബോയിങ്ങും എയർഷോക്കിടെ ഓർഡറുകൾ നേടി. എമിറേറ്റ്‌സ് സ്കൈ കാർഗോയുമായുള്ള രണ്ട് ചരക്ക് വിമാന കരാറിലും എയർ ടാൻസാനിയയുമായി നാല് വിമാനങ്ങൾക്കുള്ള കരാറിലും യു.എ.ഇ. പ്രതിരോധമന്ത്രാലയം ഒപ്പിട്ടു. കൂടാതെ യു.എ.ഇ. പ്രതിരോധമന്ത്രാലയം യൂറോപ്യൻ, അമേരിക്കൻ, ഏഷ്യൻ രാജ്യങ്ങളുമായും വിതരണക്കാരുമായും 2250 കോടി ദിർഹം മൂല്യമുള്ള കരാറുകളിൽ ഒപ്പുവെച്ചു.

യു.എ.ഇ.യുടെ പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമദ് അൽ ബൊവാർദി അവസാന ദിനമായ വ്യാഴാഴ്ച എയർഷോ വേദിയിലെത്തി. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഒട്ടേറെ കമ്പനികളുടെ പവിലിയനുകൾ അദ്ദേഹം നടന്നുകണ്ടു.