ദുബായ് : ഒരാഴ്ചയ്ക്കുള്ളിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം 100 ശതമാനം ശേഷിയിൽ പ്രവർത്തനസജ്ജമാകുമെന്ന് ദുബായ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം പറഞ്ഞു. വിമാനയാത്രയ്ക്കുള്ള നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയതിന്റെ പശ്ചാത്തലത്തിൽ ഈവർഷത്തെ ഇതുവരെയുള്ള യാത്രക്കാരുടെ എണ്ണം 2.8 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായത്. ലോകത്തിലെ ഏറ്റവുംവലിയ അന്താരാഷ്ട്ര വിമാനത്താവളം എന്ന നിലയിൽ സ്ഥാനമുയർത്തുകയാണ് ലക്ഷ്യമെന്നും എയർപോർട്ട് സി.ഇ.ഒ. പോൾ ഗ്രിഫിത്ത്‌സ് വ്യക്തമാക്കി. യാത്രക്കാരുടെ നിരന്തരമായ യാത്രാ ആവശ്യങ്ങൾക്കായി നവംബർ അവസാനത്തോടെ എയർപോർട്ടിലെ കോൺകോഴ്‌സ് എ വീണ്ടും തുറന്നുപ്രവർത്തിക്കും. അതോടെ 20 മാസത്തെ നിയന്ത്രണത്തോടെയുള്ള പ്രവർത്തനത്തിനുശേഷം വിമാനത്താവളം 100 ശതമാനം പ്രവർത്തനശേഷി കൈവരിക്കും.

കോവിഡിനുമുമ്പ്‌ പ്രതിവർഷം ഒമ്പതുകോടി യാത്രക്കാരാണ് ദുബായ് വിമാനത്താവളത്തിലൂടെ യാത്രചെയ്തിരുന്നത്. ആഗോള വ്യോമയാനമേഖല മഹാമാരിക്കുമുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങണമെങ്കിൽ അന്താരാഷ്ട്രതലത്തിലുള്ള സഹകരണം ആവശ്യമാണ്.

ഇതുസംബന്ധമായി ലോകമെമ്പാടുമുള്ള എയർപോർട്ട് അധികൃതരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. കോവിഡിനെ നേരിടാൻ നിരവധി രാജ്യങ്ങളിലേക്ക് സഹായസാമഗ്രികൾ എത്തിക്കുന്നതിന് കഴിഞ്ഞ രണ്ടുവർഷമായി ദുബായ് വിമാനത്താവളത്തിൽനിന്നും അൽ മക്തൂം വിമാനത്താtവളത്തിൽനിന്നും ചരക്ക് ഗതാഗതശേഷി ഉപയോഗിച്ച എമിറേറ്റ്‌സ് സ്കൈ കാർഗോയെ പോൾ ഗ്രിഫിത്ത്‌സ് അഭിനന്ദിച്ചു. പ്രതിസന്ധിഘട്ടത്തിൽ ലോകമെമ്പാടുമുള്ള വാക്സിനുകളും മെഡിക്കൽ ഉപകരണങ്ങളും എത്തിക്കുന്നതിന് ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കുന്നതിൽ എമിറേറ്റ്‌സ് സുപ്രധാന പങ്ക് വഹിച്ചതായും അദ്ദേഹം വ്യക്തമാക്കി.