ഷാർജ : 42 വർഷം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്തശേഷം തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി മുഹമ്മദ് നജീബ് (68) പ്രവാസം മതിയാക്കി സ്വദേശത്തേക്ക് മടങ്ങി. ഇത്രയുംകാലം ഷാർജയിൽ പത്രവിതരണം മാത്രമായിരുന്നു നജീബിന്റെ ജോലി. അൽ ഖലീജ് സ്ഥാപനത്തിലായിരുന്നു ജോലി. എന്നാൽ, ‘മാതൃഭൂമി’യടക്കമുള്ള മലയാള പത്രങ്ങളും വിതരണംചെയ്തു. കുറച്ചുകാലംകൂടി ഷാർജയിൽത്തന്നെ ജോലിചെയ്ത് ജീവിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ശാരീരികപ്രശ്നങ്ങളാണ് ഇപ്പോൾ നാട്ടിലേക്ക് മടങ്ങാൻ നിർബന്ധിതനാക്കിയത്.

ഷാർജയിലെ പ്രധാന സർക്കാർ സ്ഥാപനങ്ങളിലും വീടുകളിലും കടകളിലും തെരുവോരങ്ങളിലുമെല്ലാം നജീബ് പത്രം വിതരണംചെയ്തിരുന്നു. ആദ്യകാലങ്ങളിൽ ഒന്നും രണ്ടും ദിവസം വൈകിയാണ് മലയാളപത്രങ്ങളെല്ലാം നാട്ടിൽനിന്നുമെത്തിയിരുന്നത്. അതുകൊണ്ട് അതിരാവിലെ നാലുമണിക്ക് തുടങ്ങുന്ന ജോലി രാത്രിയാണ് അവസാനിച്ചിരുന്നതും. പിന്നീട് മലയാള, തമിഴ് പത്രങ്ങളടക്കം ദുബായിൽത്തന്നെ അച്ചടിക്കാൻ തുടങ്ങിയതോടെ ജോലി നേരത്തേ അവസാനിച്ചിരുന്നു.

1979-ലാണ് മുഹമ്മദ് നജീബ് ആദ്യമായി യു.എ.ഇ.യിലെത്തിയത്. നാട്ടിൽ നജീബിന്റെ പിതാവിനും പത്ര ഏജൻസിയുണ്ടായിരുന്നു. അതുകൊണ്ട് പത്രവിതരണത്തിൽ നജീബ് പ്രാവീണ്യം നേടിയിരുന്നു.

ഷാർജയിലെത്തി ബൈക്ക് ലൈസൻസും കരസ്ഥമാക്കിയശേഷമാണ് പത്രവിതരണത്തിൽ സജീവമായത്. പ്രവാസം തുടങ്ങി ഏഴുവർഷം കഴിഞ്ഞാണ് നജീബ് നാട്ടിലേക്ക് പോയത്.

10 വർഷത്തിനിടയിൽ ഒരിക്കൽമാത്രം നാട്ടിൽപോയിവന്ന ഓർമയുമുണ്ട്. 15 വർഷത്തോളം കുടുംബമായാണ് ഷാർജയിൽ ജീവിച്ചത്. ഭാര്യ ബുഷ്‌റ, മൂന്നുമക്കളാണ്.