ഷാർജ: അന്താരാഷ്ട്രതലത്തിൽ ബാലവേല നിരോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ വീഡിയോ പുറത്തിറക്കി. യു.എ.ഇ. കേന്ദ്രമായി പ്രവർത്തിക്കുന്ന നിശ്ചയദാർഢ്യമുള്ള കുട്ടികളും രക്ഷിതാക്കളുമടങ്ങിയ

പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ് കൂട്ടായ്മയാണ് വീഡിയോ പുറത്തിറക്കിയത്. പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസിന്റെ പുതിയ യൂട്യൂബ് ചാനൽ ഉദ്ഘാടന വീഡിയോ ആയാണ് കുട്ടികളുടെ വേറിട്ട ഈ ഓൺലൈൻ സംരംഭം പ്രദർശിപ്പിച്ചത്. അന്തർദേശീയ ബാലവേല വിരുദ്ധദിനത്തിന് ആഭിമുഖ്യം പുലർത്തിക്കൊണ്ടുള്ള വീഡിയോ ആയിരുന്നു പുറത്തിറക്കിയത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനും വിദ്യാഭ്യാസം ലഭിക്കുന്നതിനുമായി പോരാട്ടം നടത്തുന്ന നോബൽ സമ്മാന ജേതാവ് കൈലാഷ് സത്യാർഥിക്കാണ് കുട്ടികൾ വീഡിയോ സമർപ്പിച്ചിരിക്കുന്നത്.

ബാലവേലയ്ക്കെതിരേ കൈലാഷ് സത്യാർഥി രൂപവത്കരിച്ച ‘വൻ ബച്ചാവോ ആന്ദോളൻ’ എന്ന സംഘടനയും കുട്ടികൾക്ക് വീഡിയോ നിർമിക്കാൻ പ്രചോദനമായി. പ്രതീക്ഷ സ്പെഷ്യൽ സ്മൈൽസ് കൂട്ടായ്മയിലെ അംഗമായ ഖത്തറിലെ ഇമാൻ എന്ന നിശ്ചയദാർഢ്യമുള്ള വിദ്യാർഥിയാണ് യൂട്യൂബ് ചാനൽ സ്വിച്ച് ഓൺ ചെയ്ത് തുടക്കമിട്ടത്. എല്ലാ കുട്ടികൾക്കും ലോകത്തിൽ സമാനമായ അവകാശമാണുള്ളതെന്ന് വീഡിയോയിലൂടെ ‘പ്രതീക്ഷയിലെ’ കുട്ടികൾ ഓർമിക്കുന്നു. ‘കുട്ടികൾ കളിക്കട്ടെ , അതവരുടെ അവകാശമാണ്’, ‘നിഷ്കളങ്കരായ കുട്ടികളുടെ സ്വപ്നങ്ങൾ തകർക്കരുത്’ തുടങ്ങിയ വാക്കുകൾ കുട്ടികൾ വീഡിയോയിലൂടെ ഓർമിപ്പിക്കുന്നുണ്ട്. ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനും അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികൾക്കും ആശംസകൾ നേർന്നുകൊണ്ടുള്ള നിശ്ചയദാർഢ്യമുള്ള കുട്ടികളുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.